Kerala

ഡ്രൈ ഡേ ദിവസം ഉഷാ ബാർ സജീവം; വീട്ടില്‍ ബാര്‍ സൗകര്യങ്ങളൊരുക്കി രാപ്പകലില്ലാതെ മദ്യവിൽപന നടത്തിയ സ്ത്രീ പിടിയിൽ

തൃശൂർ :വീട്ടില്‍ ബാര്‍ സൗകര്യങ്ങളൊരുക്കി രാപ്പകലില്ലാതെ മദ്യവിൽപന നടത്തിയ സ്ത്രീ പിടിയിൽ. ബിവറേജ് അവധി ദിവസങ്ങളിലും മറ്റും ഇവിടെ മദ്യവിൽപന തകൃതിയായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് അളവില്‍ കൂടുതല്‍ വിദേശമദ്യം, ബിയര്‍ എന്നിവ എക്സൈസ് പിടികൂടി.ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപനശാലകളും ബാറുകളും പ്രവർത്തിക്കാത്ത ദിവസങ്ങളിലാണ് ‘ഉഷ ബാർ’ സജീവമാകുന്നത്. പുലര്‍ച്ചെ മുതലാണ് ഉഷയുടെ മദ്യവിൽപന ആരംഭിക്കുന്നത്. ഇവര്‍ക്കെതിരെ പ്രദേശവാസികൾ എക്സൈസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കുറച്ചുകാലമായി ഇവരുടെ വീടും പരിസരവും എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.

തൃശൂർ കിഴക്കെ- കുറ്റിച്ചിറ ഭാഗത്താണ് വീട്ടിൽ അനധികൃത മദ്യ വിൽപന നടത്തിയിരുന്ന തച്ചപ്പിള്ളി വീട്ടില്‍ ഉഷയാണ് (53) പിടിയിലായത്.കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം ഉഷയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ നാലു ലിറ്റർ വിദേശമദ്യം, രണ്ടര ലിറ്റർ ബിയർ എന്നിവർ പിടികൂടുകയായിരുന്നു. ഉഷ മുൻപും അബ്‌കാരി കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. വെള്ളിക്കുളങ്ങര, അടിച്ചിലി, ചാലക്കുടി എന്നിവിടങ്ങിലുള്ള ബിവറേജുകളില്‍ നിന്നാണ് ഉഷ മദ്യം വാങ്ങി വീട്ടിൽ വിൽപന നടത്തിയിരുന്നത്.

ചാലക്കുടി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ കെ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ പി രാമചന്ദ്രൻ, (ജി ആര്‍) പ്രിവന്റീവ് ഓഫീസര്‍ സി കെ. ചന്ദ്രൻ, സിവില്‍ എക്സൈസ് ഓഫീസര്‍ എം ആര്‍ ഉണ്ണികൃഷ്ണൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കാവ്യ കെ എസ് എന്നിവര്‍ അന്വേഷണത്തില്‍ ഭാഗമായി. ഉഷയെ അബ്കാരി നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. ഉഷയുടെ ഭര്‍ത്താവും മകളും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top