Politics

കടലവകാശ പ്രഖ്യാപന മഹാസമ്മേളനവും തീരദേശ സദസ്സുകളും സംഘടിപ്പിക്കും. ജോസ് കെ മാണി

തിരുവനന്തപുരം:_കടലിൻ്റെ അവകാശം കടലിൻ്റെ മക്കളായ മത്സ്യത്തൊഴിലാളികൾക്കാണ് എന്ന് പ്രഖ്യാപിക്കുന്ന സമ്പൂർണ്ണവും സമഗ്രവുമായ കടലവകാശ നിയമനിർമ്മാണം കേന്ദ്രസർക്കാർ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് തീരദേശ സദസ്സുകളും സമ്പൂർണ്ണ കടലവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. അതിജീവനത്തിനായി ഏറെ വെല്ലുവിളികൾ നേരിട്ട ആദിവാസി ഗോത്ര സമൂഹങ്ങളുടെ അവകാശം ഉറപ്പുവരുത്തിയ 2006ലെ വനാവകാശ നിയമത്തിന്റെ അതേ മാതൃകയിൽ മത്സ്യത്തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്തുന്ന നിയമം നിർമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് എം സംഘടിപ്പിച്ച നയ രൂപീകരണ സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു ജോസ് കെ മാണി.

ബ്ലൂ ഇക്കണോമിക് പോളിസിയുടെ ദോഷവശങ്ങൾ ഏറെ ബാധിക്കുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തെയാണ്.സ്വകാര്യ സാമ്പത്തിക ശക്തികൾ കടലിൻറെ പുതിയ അവകാശികൾ ആവുകയും മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തുള്ള സമ്പൂർണ്ണ അവകാശം നഷ്ടമാവുകയും ചെയ്യും.സമുദ്രത്തിലും സമുദ്രതീരത്തും വൻതോതിൽ ധാതു ഖനനങ്ങൾ വ്യാപകമായി നടക്കുമ്പോൾ തീരത്തു നിന്നും മത്സ്യത്തൊഴിലാളികൾക്ക് കുടിയിറങ്ങേണ്ടിവരും.കേരളത്തിലെ 11 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.ഇതു പരിഹരിക്കുവാൻ വനാവകാശ നിയമത്തിലൂടെ ആദിവാസി ഗോത്ര വിഭാഗങ്ങളെ പരിരക്ഷിച്ചത് പോലെ മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം നൽകുവാൻ കടലവകാശ നിയമം പാർലമെന്റ് പാസാക്കണം.മത്സ്യത്തൊഴിലാളികളുടെ ആവാസഘടനയെയും കടലിന്റെ പരിസ്ഥിതിയും സംരക്ഷിക്കുന്നത് ഇത്തരമൊരു നിയമം അനിവാര്യമാണ്.

1.ബ്ലൂ ഇക്കാണമി പോളിസിയിൽ വിവക്ഷിക്കുന്ന പ്രവർത്തനങ്ങൾ കടലിലും കടൽത്തീരത്തും നടത്തുമ്പോൾ മത്സ്യത്തൊഴിലാളി ആവാസ മേഖലകളെ ഒഴിവാക്കാനുള്ള സമഗ്രമായ ചട്ട നിർമ്മാണം നടത്തണം

2.മത്സ്യസമ്പത്ത് അടക്കമുള്ള ഭക്ഷ്യയോഗ്യമായ കടല്‍ വിഭവങ്ങള്‍ ശേഖരിക്കുന്നതിന് സമുദ്ര ദൂരപരിധി നിര്‍ണ്ണയിച്ചുകൊണ്ടുള്ള അവകാശം
3. കടല്‍ത്തീരങ്ങളില്‍ ബാഹ്യഇടപെടല്‍ കൂടാതെ വാസസ്ഥലം നിര്‍മ്മിച്ച് ജീവിക്കുന്നതിനുള്ള അവകാശം

4.വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ തീരമേഖലയോട് ചേര്‍ന്ന് പുനരധിവാസത്തിനുള്ള അവകാശം.

5. തീരശേഷണവും കടല്‍ക്ഷോഭവുംമൂലം ഭവനരഹിതരാകുന്നവര്‍ക്ക് അതേ തീരത്തോ തൊട്ടടുത്ത കടല്‍ത്തീരത്തോ പൊതുഭൂമി ഏറ്റെടുത്ത് കിടപ്പാടം നിര്‍മ്മിച്ച് ലഭിക്കുന്നതിനുള്ള അവകാശം.

6.പുനരധിവാസത്തിന് തീരഭൂമി ഏറ്റെടുക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിയമ—നിയന്ത്രണങ്ങളില്‍ ഇളവുകള്‍ക്കുള്ള അവകാശം..
മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനും അതിജീവനത്തിനുമായി അവർ ആവശ്യപ്പെടുന്ന സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്രവും സമ്പൂര്‍ണ്ണവുമായ ‘കടലവകാശനിയമം ‘ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ചു നല്‍കേണ്ടത് രാജ്യം അനുവര്‍ത്തിക്കേണ്ട കടമയാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
കടലും കടൽ വിഭവങ്ങളും വലിയതോതിൽ സ്വകാര്യവൽക്കരിക്കുകയാണ് ബ്ലൂ ഇക്കണോമിക് പോളിസിയിലൂടെ സംഭവിക്കാൻ പോകുന്നതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് അഭിപ്രായപ്പെട്ടു കടലിൻറെ മക്കളായ മത്സ്യത്തൊഴിലാളികളെ തീരത്തു നിന്നും വൻതോതിൽ ഈ നയം കുടിയൊഴിപ്പിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടൽ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ മികച്ച പ്രായോഗിക പദ്ധതികൾ അനിവാര്യമാണെന്ന് മുൻ ഫിഷറീസ് മന്ത്രിയും കേരള സർക്കാരിൻറെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ.കെ വി തോമസ് പറഞ്ഞു.വികസന പദ്ധതികളുടെ ഗുണഫലം മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടോ എന്ന പരിശോധന അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമുദ്ര പദ്ധതികൾ നടപ്പാക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്ന് മുൻഫിഷറീസ് ജോയിൻ ഡയറക്ടർ എം എസ് സാജു പറഞ്ഞു.ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് മോഡറേറ്റർ ആയിരുന്നു.സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ എംഎൽഎ,ഫോർജിയോ റോബർട്ട്,ജോസി പി തോമസ് എന്നിവർ വിഷയകലനങ്ങൾ നടത്തി.സംഘാടകസമിതി ചെയർമാൻ അഡ്വ പ്രമോദ് നാരായണൻ എംഎൽഎ സ്വാഗതവും സംഘാടകസമിതി കൺവീനർ ബേബി മാത്യു കാവുങ്കൽ കൃതജ്ഞതയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top