Kerala

ഞങ്ങളുടെ പ്രിയപ്പെട്ട പുടിന്‍ അങ്കിള്‍., ദൈവത്തെയോര്‍ത്ത് ഈ യുദ്ധം ഒന്നു നിര്‍ത്താമോ:വലവൂരിൽ നിന്നൊരു സമാധാന സന്ദേശം

കോട്ടയം :ഞങ്ങളുടെ പ്രിയപ്പെട്ട പുടിന്‍ അങ്കിള്‍., ദൈവത്തെയോര്‍ത്ത് ഈ യുദ്ധം ഒന്നു നിര്‍ത്താമോ പ്ലീസ്!!! ഞങ്ങളെപ്പോലെ എത്ര കൊച്ചുകുട്ടികളാണ് അങ്കിളേ ഈ യുദ്ധകെടുതിയില്‍ പേടിച്ച് വിറച്ച്  ജീവിക്കുന്നത്.
ഈ മഹത്തായ ഭാരതത്തില്‍ കേരളത്തിലെ വലവൂരെന്ന കൊച്ചുഗ്രാമത്തിലെ ഞങ്ങളുടെ സ്‌കൂളില്‍ നിന്ന് ഞങ്ങള്‍ കാലുപിടിച്ച് അപേക്ഷിക്കുകയാണ്, പ്രിയപ്പെട്ട  അങ്കിള്‍ ഈ യുദ്ധം ഒന്നു നിര്‍ത്താമോ പ്ലീസ് ”

 

പാലാ വലവൂര്‍ ഗവ. യു.പി. സ്‌കൂളിലെ കുട്ടികളാണ്, തങ്ങളൊരിക്കലും കാണാത്ത ഉക്രൈയിനിലെ കൂട്ടുകാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കത്തയ്ക്കുന്നത്. ശനിയാഴ്ച സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് കുട്ടികളാണ് മലയാളത്തില്‍ കത്തെഴുതിയത്. ഈ കത്തുകള്‍ക്ക് ചുവടെ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ  ഹെഡ്മാസ്റ്റര്‍ രാജേഷ് ശ്രീഭദ്ര എഴുതിച്ചേര്‍ത്തു. പുടിന്‍ അങ്കിളിനുള്ള തങ്ങളുടെ കത്ത് ഇന്ന് കുട്ടികൾ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷിനൊപ്പം വലവൂര്‍ പോസ്റ്റോഫീസില്‍ കൊണ്ടു പോയി എയര്‍മെയിലായി അയയ്ക്കും.

 

“ഇനിയൊരു യുദ്ധം വേണ്ട, ഇനിയൊരു സ്ലാറ്റോയോ ആന്‍ഫ്രാങ്കോ ഉണ്ടാകരുതെന്ന് “ആവശ്യപ്പെട്ട് സ്‌കൂളിലെ അമ്പതോളം കുട്ടികള്‍ ശനിയാഴ്ച്ച യുദ്ധവിരുദ്ധ റാലിയും നടത്തിയിരുന്നു. ഉക്രൈയിനെ റഷ്യ ആക്രമിക്കുകയും യുദ്ധം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലല്‍ ഇക്കാര്യങ്ങള്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് ശ്രീഭദ്ര വിശദീകരിച്ചപ്പോഴാണ് “യുദ്ധം നിർത്താൻപുടിന്‍ അങ്കിളിന് കത്തയയ്ക്കാം സാറെ ” എന്ന് ഒരു മിടുക്കന്‍ വിളിച്ചുപറഞ്ഞത്.
കുട്ടികളുടെ നിര്‍മ്മലമായ മനസ്സിന്റെ സ്‌നേഹാപേക്ഷ തിരിച്ചറിഞ്ഞ അദ്ധ്യാപകര്‍ ഉടന്‍തന്നെ യുദ്ധവിരുദ്ധ റാലിക്കും പുടിന് കത്തയക്കുന്നതിനും തുടക്കം കുറിക്കുകയായിരുന്നു.

 

വിദ്യാര്‍ത്ഥി പ്രതിനിധി നേഹ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യുദ്ധവിരുദ്ധ റാലിക്ക് കുട്ടികളായ ആല്‍ബിന്‍ സജി, അരവിന്ദ്, അനന്തു എന്നിവര്‍ നേതൃത്വം നല്‍കി.അധ്യാപകരായ ഷാനി മാത്യു, റോഷ്‌നി ഫിലിപ്പ്, കെ. അംബിക, പ്രിയ സെലിന്‍, ഷീബാ സെബാസ്റ്റ്യന്‍, അഷിത, ജ്യോത്സിനി, ഗായത്രി എന്നിവരും കുട്ടികളോടൊപ്പം പരിപാടികളില്‍ പങ്കുചേര്‍ന്നു.
ഇന്ന് രാവിലെ 11.30 ന് കുട്ടികളുടെ സംഘം വലവൂര്‍ പോസ്റ്റോഫീസിലെത്തി റഷ്യൻ പ്രസിഡൻ്റ്
വ്‌ളാഡിമിര്‍ പുട്ടിന് കത്തയയ്ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top