Crime

ഉക്രൈനിൽ നിന്നൊരു മനുഷ്യ സ്നേഹഗാഥ:ഉക്രൈൻ കുടുംബത്തെ ഉപേക്ഷിച്ച് ഓടിപോരാൻ താനില്ലെന്ന് ഇന്ത്യൻ വിദ്യാർത്ഥിനി

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രൈനില്‍ നിന്ന് പുറത്തുവരുന്നത് മനുഷ്യത്വത്തിന്റെ ശുഭവാര്‍ത്തകള്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഇന്ത്യക്കാരിയുടെ കാരുണ്യത്തെ കുറിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇന്ത്യക്കാര്‍ മാത്രം കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. എന്നാല്‍ താന്‍ നാട്ടിലേക്കില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് നേഹ എന്ന പതിനേഴുകാരി. അതിന്റെ കാരണം ഞെട്ടിപ്പിക്കുന്നതാണ്. ഭൂവുടമയുടെ കുടുംബത്തെ ഈ സമയം ഉപേക്ഷിക്കാനില്ലെന്നാണ് നേഹ പറയുന്നത്. നേഹയുടെ ഭൂവുടമ യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി പോരാടുകയാണ്. അങ്ങനെയൊരാളുടെ കുടുംബത്തെ വിട്ട് പോകുന്നത് ശരിയല്ലെന്ന് നേഹയ്ക്ക് തോന്നിയത് അഭിനന്ദിക്കേണ്ട കാര്യം കൂടിയാണ്.

നേഹ ഭൂവുടമയുടെ കുടുംബത്തെയും കൊണ്ട് ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ്. നേഹയുടെ പിതാവ് ഇന്ത്യന്‍ സൈന്യത്തിലായിരുന്നു. പിതാവ് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ഇതിന് ശേഷമാണ് മെഡിസിന് പഠിക്കാനായി നേഹ യുക്രൈനിലെത്തിയത്. ഭൂവുടമയും ഭാര്യയും മൂന്ന് മക്കളും ഇപ്പോള്‍ നേഹയ്‌ക്കൊപ്പം ബങ്കറിലാണ്. യുക്രൈന്‍ തലസ്ഥാന നഗരിയായ കീവിലാണ് നേഹ താമസിക്കുന്നത്. ഇവിടെ ഹോസ്റ്റലില്‍ ഇടം ലഭിക്കാതിരുന്ന നേഹ കഷ്ടത്തിലായിരുന്നു. ഈ സമയത്താണ് വീട്ടുടമസ്ഥന്‍ ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കുന്നത്. ഇയാള്‍ എഞ്ചിനീയറാണ്. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച കുടുംബത്തെ കൈവിടില്ലെന്ന് നേഹ ഉറപ്പിക്കുകയായിരുന്നു.

 

ഞാന്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യാം, എന്നാല്‍ ഈ കുട്ടികളെയും അവരുടെ അമ്മയെയും ഈ അവസ്ഥയില്‍ വിട്ടിട്ട് പോകാന്‍ ഞാനില്ല. നേഹ തന്റെ അമ്മയെ അറിയിച്ചതാണ് ഇക്കാര്യം. ഹരിയാനയിലെ ചാര്‍കി ദാദ്രി ജില്ലയില്‍ അധ്യാപികയാണ് നേഹയുടെ അമ്മ. സ്‌ഫോടനത്തിന്റെ ശബ്ദം പുറത്ത് കേള്‍ക്കുന്നുണ്ട്. പക്ഷേ ഇതുവരെയും ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും നേഹ കുടുംബ സുഹൃത്തിനെ അറിയിച്ചു. വീട്ടുടമസ്ഥന്റെ കുടുംബവുമായും കുട്ടികളുമായും നേഹ അത്രത്തോളം അടുത്ത് പോയിരുന്നു. യുദ്ധം തീവ്രതയാര്‍ജിച്ചതോടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ നേഹയോട് പലരും അഭ്യര്‍ഥിച്ചു. നേഹയുടെ അമ്മ മകളെ തിരിച്ചെത്തിക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തിയിരുന്നു.

റൊമാനിയയിലേക്ക് പോകാനുള്ള അവസരം നേഹയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ കുടുംബത്തെ വിട്ട് താനില്ലെന്ന് നിലപാടെടുക്കുകയായിരുന്നു നേഹയെന്ന് ആത്മാര്‍ത്ഥ സുഹൃത്തായ സവിത ജക്കര്‍ പറയുന്നു. എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കീവില്‍ കുടുങ്ങിയിരിക്കുകയാണ്. ഒരു കുടുംബത്തിന് മുഴുവന്‍ കാവലായി നില്‍ക്കുകയാണ് അവര്‍. ആ കുടുംബത്തിനൊപ്പം ബങ്കറിലാണ് നേഹയുള്ളതെന്നും സവിത എഫ്ബി പോസ്റ്റില്‍ കുറിച്ചു. തന്റെ ജീവന്‍ നഷ്ടപ്പെട്ടേക്കാണ് നേഹയ്ക്കറിയാം. എങ്കിലും അവള്‍ നിശ്ചയദാര്‍ഢ്യത്തിലാണ്. എന്ത് വന്നാലും മടങ്ങില്ലെന്ന്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top