Health

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു.,24 കാരനാണ് രോഗം പിടിപെട്ടത്

കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ 24-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. വനവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട യുവാവിന് പനിയും ശരീരവേദനയും അനുഭവപ്പെട്ടതോടെ അപ്പപ്പാറ സി.എച്ച്.സി.യില്‍ ചികിത്സ തേടുകയായിരുന്നു.

കുരങ്ങുപനി സംശയിച്ചതോടെ വയനാട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് പഞ്ചായത്തിലെ 21 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ ആര്‍ക്കും കുരങ്ങുപനി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഒരുമാസംമുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതുമുതല്‍ തന്നെ ജില്ലയിലും മുന്‍കരുതല്‍ നടപടികളും പ്രതിരോധപ്രവര്‍ത്തനങ്ങളും തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പരിശോധനയില്‍ അപ്പപ്പാറ, ബേഗൂര്‍ ഭാഗങ്ങളില്‍ കുരങ്ങുപനിയുടെ ചെള്ളിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍, വനത്തിന് പുറത്തുനിന്ന് ശേഖരിച്ച ചെള്ളുകളില്‍ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.

 

1957-ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. കുരങ്ങുകളുടെ കൂട്ടത്തോടെയുള്ള മരണം കാരണം നാട്ടുകാര്‍ കുരങ്ങുപനി എന്നുവിളിച്ചു. ക്യാസനോര്‍ വനമേഖലയില്‍നിന്ന് ആദ്യമായി വൈറസിനെ വേര്‍തിരിച്ചെടുത്തതിനാല്‍ ‘ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്’ എന്നു പേരുവന്നു.കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇതുപകരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top