
കോട്ടയം :കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ കുറവിലങ്ങാട് വില്ലേജ് ടി കരയിൽ ഗാനം വില്ല ഭാഗത്ത് കവളക്കുന്നേൽ വീട്ടിൽ ജോൺ ജോർജ്ജ് മകൻ ആൻസ് ജോർജ്ജ് എന്നയാളെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം-2007 (കാപ്പാ) പ്രകാരം നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ആൻസ് ജോർജ്ജിനെ ആറ് മാസത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.
ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വധശ്രമം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.

