കോട്ടയം :സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി കോട്ടയം. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം എസ്.രാമചന്ദ്രൻ പിള്ള സമ്മളനം ഉദ്ഘാടനം ചെയ്യും. ജില്ല പിടിച്ച നേട്ടത്തിനാണ് മുൻതൂക്കമെങ്കിലും ജോസ് വിഭാഗവുമായുള്ള ബന്ധവും ഈരാറ്റുപേട്ടയിലെ പ്രശ്നങ്ങളും ചൂടേറിയ ചർച്ചയാകാനാണ് സാധ്യത.

യുഡിഎഫ് കോട്ട ജോസിനെ ഒപ്പം കൂട്ടി വെട്ടിപിടിച്ച ആവേശമുണ്ട് കോട്ടയത്ത് സിപിഎമ്മിന്. ജില്ലയിൽ നിന്ന് സിപിഎം മന്ത്രിയുണ്ടായി. ജില്ലാ സമ്മേളനമെത്തുമ്പോൾ നേതൃത്വത്തിന് ഉയര്‍ത്തിക്കാനായി നേട്ടത്തിന്‍റെ മികവ് തന്നെയാണ്. പക്ഷേ ഉയരാൻ പറ്റിയ വിമർശനങ്ങളും ഏറെയുണ്ട്. പാലാ, കടുത്തുരുത്തി, പുതുപള്ളി, കോട്ടയം തോൽവികൾ അതിലൊന്ന്. നാലിടത്തും ജാഗ്രതക്കുറവാണുണ്ടാതെന്ന് നേതൃത്വം വിശദീകരിക്കുന്പോഴും പ്രതിനിധികൾ വിമർശനം ഉയർത്തുമെന്ന് ഉറപ്പ്.

ഇരാറ്റുപ്പേട്ടയിലെ എസ്ഡിപിഐ പിന്തുണ ആദ്യം ന്യായീകരിച്ച ജില്ലാ നേതൃത്വം മറുപടി പറയേണ്ടി വരും. രാഷ്ട്രീയമായി നേട്ടമായെങ്കിലും കേരളാ കോൺഗ്രസ് ജോസ് വിഭാഗവുമായുള്ള ബന്ധം ഇപ്പോഴും ദഹിക്കാത്തവർ പാർട്ടിയിലേറെയുണ്ട്. അവരുയർത്തുന്ന ആശയ പ്രശ്നങ്ങളും സമ്മേളനത്തിലുയരും. പാലാ ബിഷപ്പിനെ ന്യായീകരിച്ച മന്ത്രി വി.എൻ.വാസന്‍റെ പ്രസ്താവനയും വിമർശനമാകാൻ സാധ്യതയുണ്ട്. കെ റെയിൽ ഭൂമിയേറ്റെടുപ്പും നേതാക്കൾ വിശദീകരിക്കേണ്ടി വരും.
കുറുവിലങ്ങാട്ടേയും ഈരാറ്റുപേട്ടയിലേയും ലോക്കൽ കമ്മിറ്റിയിലെ മത്സരങ്ങളും കുമരകത്തെ പാർട്ടി നടപടിയും ചർച്ചയാകും. കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി.റസൽ തന്നെ തുടരാനാണ് സാധ്യത. മുതിർന്ന നേതാക്കൾ ഒഴിവായാൽ മൂന്ന് പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിലേക്ക് എത്തും.

