കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി.

ഇന്ത്യയോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില്‍ നിന്നും ഏറെക്കുറെ പുറത്തായ സ്ഥിതിയിലാണ്. ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ഭാരവാഹികളോട് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാന്‍ ലങ്കന്‍ കായിക മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്ന താരങ്ങളായ ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍ എന്നിവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വന്‍ തിരിച്ചടിയായി.
എന്നാല്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ടര്‍മാരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ന്യായീകരിക്കുകയാണ് ഇപ്പോഴും ചെയ്യുന്നതെന്നും മന്ത്രി റോഷന്‍ രണസിംഗെ കുറ്റപ്പെടുത്തി. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചു വിട്ട സര്‍ക്കാര്‍, മുന്‍ നായകന്‍ അര്‍ജുന രണതുംഗെയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയെ നിയോഗിച്ചു.

