India

രക്ഷാദൗത്യം വൈകുന്നു; ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം; തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ

 

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും വൈകുന്നു. ഏറ്റവും പുതിയ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്ന് സ്‌ക്വാഡ്രോണ്‍ ഇന്‍ഫ്രാ മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ സിറിയക് ജോസഫ് പറഞ്ഞു. ജിപിഎസ് ഇല്ലാത്ത സ്ഥലത്തും ഡ്രോണ്‍ പ്രവര്‍ത്തിക്കും. ഇത്തരമൊരു ഡ്രോണ്‍ ആദ്യമായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓഗര്‍ ഡ്രില്ലിംഗ് മെഷീനില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡ്രില്ലിംഗ് ജോലികള്‍ ഇന്നലെ രാത്രി വൈകി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഓഗര്‍ മെഷീന്‍ കേടുവന്നതിനേ തുടര്‍ന്നാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ടണലില്‍ അകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അന്വേഷിച്ചു. ഇന്ന് രാവിലെയുള്ള ഭക്ഷണവും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദീപാവലി ദിനത്തില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് 41 തൊഴിലാളികളെ പന്ത്രണ്ടാം ദിനം പുറത്തെടുക്കാന്‍ കഴിയുമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നിട്ടും പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ ദൗത്യം ലക്ഷ്യം കണ്ടില്ല. ഒന്നിലേറെ തവണ യന്ത്രം തകരാറിലായതും വിലങ്ങ് തടിയായ ലോഹ പാളികള്‍ നീക്കം ചെയ്യാന്‍ സമയം കൂടുതല്‍ എടുത്തതും രക്ഷാ പ്രവര്‍ത്തനം നീളാന്‍ കാരണമായി. ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ പൊട്ടിയതോടെ ആണ് രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയത്. തൊഴിലാളികള്‍ക്ക് രക്ഷാ പാത ഒരുക്കാനുള്ള പൈപ്പ് സ്ഥാപിക്കാന്‍ ഏതാനും മീറ്റര്‍ ദൂരം കൂടിയേ ബാക്കിയുള്ളൂ എന്ന് അന്താരാഷ്ട്ര തുരങ്ക വിദഗ്ദന്‍ അര്‍നോള്‍ഡ് ഡിക്‌സ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top