Health

ജനജീവിതം സ്തംഭിപ്പിച്ച് ഒരു നിയന്ത്രണങ്ങളും ഇപ്പോൾ നടപ്പാക്കാനാകില്ല:ലോക്ക് ഡൗൺ അവസാന മാർഗം:വീണാ ജോർജ്

തിരുവനന്തപുരം :സംസ്ഥാനത്ത് ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്നാവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കൊവിഡ് ക്ലസ്റ്റർ മാനേജ്മെന്‍റ് മാർഗനിർദേശം പുറത്തിറക്കി. അതനുസരിച്ച്, ഒരു സ്ഥാപനത്തിൽ പത്ത് പേർ പോസിറ്റീവായാൽ അത് ലാർജ് ക്ലസ്റ്ററാകും. അത്തരത്തിൽ അഞ്ച് ക്ലസ്റ്ററുകളുണ്ടായാൽ ജില്ലാ കളക്ടർമാരെയും ജില്ലാ ഭരണകൂടത്തെയും അടക്കം അറിയിച്ച് ആ സ്ഥാപനം 5 ദിവസത്തേക്ക് അടയ്ക്കണം. കോളേജുകൾ ഉൾപ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ സ്ഥാപനവും ഒരു ടീം രൂപീകരിക്കണം. കൃത്യമായി സ്ഥാപനത്തിൽ രോഗം പടരുന്നുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഈ ടീം നിരീക്ഷിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും ആളുകൾ പുറത്തിറങ്ങരുത്. പരിശോധന നിർബന്ധമാണ്. പനിയുള്ളവർ പുറത്തേക്ക് ഇറങ്ങുകയോ മറ്റ് ആളുകളുമായി ഇടപഴകുകയോ ചെയ്യരുത്.

അതേസമയം, സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവരിൽ 100 ശതമാനം പേർക്കും ആദ്യഡോസ് നൽകിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്സിനേഷന് കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ ലക്ഷ്യമിട്ട സംഖ്യ പൂർത്തിയാക്കി. ഇതിനാലാണ് 100 ശതമാനം ആദ്യഡോസ് സ്വീകരിച്ചെന്ന് വ്യക്തമാക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, ശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെയാണ് ഓരോ ജില്ലകളെയും വിവിധ കാറ്റഗറികളായി തിരിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കുന്നു. ഓരോ ജില്ലകളിലെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. രോഗബാധിതർ ഓരോ ജില്ലകളിലും എത്ര എന്നതും, അതിനനുസരിച്ച് എത്ര പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നതും തമ്മിലുള്ള അനുപാതത്തിന് അനുസരിച്ചാണ് കാറ്റഗറി 1, 2, 3 എന്നിങ്ങനെ ജില്ലകളെ തിരിച്ചത്. ഗുരുതരസാഹചര്യമായ മൂന്നാം കാറ്റഗറിയിൽ നിലവിൽ കേരളത്തിൽ ഒരു ജില്ലകളും ഇല്ല.

 

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്‌സിനേഷന്‍ നല്‍കി. കുറേ പേര്‍ക്ക് കോവിഡ് വന്ന് പോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഹൈബ്രിഡ് പ്രതിരോധശേഷി നേടിയിട്ടുണ്ട്. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരാണ്. അതിനാല്‍ കോവിഡ് അണുബാധ ഉണ്ടായാല്‍ പോലും അത് ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. മറ്റനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്‌കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ആവിഷ്‌ക്കരിച്ചത്.

 

എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം. ഒരു ചെക്ക്‌ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള എല്ലാ സമ്പര്‍ക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റൈന്‍ ചെയ്യിക്കുകയും വേണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടാവുന്നതാണ്.

ക്ലസ്റ്റര്‍ മാനേജ്‌മെന്‍റ്

ഔട്ട്‌ബ്രേക്ക് മാനേജ്‌മെന്‍റ് സ്ഥലത്തും സമയത്തും ഗ്രൂപ്പ് ചെയ്ത കേസുകളുടെ സംയോജനമായാണ് ഒരു ക്ലസ്റ്റര്‍ നിര്‍വചിച്ചിരിക്കുന്നത്. രണ്ട് വ്യക്തികള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ ഓഫീസിലോ ഒരേ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കിടയിലോ രോഗം വരുമ്പോഴാണ് ഒരു ക്ലസ്റ്റര്‍ രൂപപ്പെടുന്നത്. ഒരു ക്ലസ്റ്ററിന്‍റെ കാര്യത്തില്‍, രോഗം വരാന്‍ ഏറെ സാധ്യതയുള്ള സമ്പര്‍ക്കത്തിലുള്ളവരെ ഐസിടി കണ്ടെത്തി അവരെ ക്വാറന്‍റൈൻ ചെയ്യണം. എന്‍ 95 മാസ്‌കിന്‍റെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ എന്‍ 95 മാസ്‌ക് നീക്കം ചെയ്യുമ്പോഴാണ് സാധാരണയായി ഓഫീസില്‍ വ്യാപനമുണ്ടാകുന്നത്. ഓഫീസുകളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഐസിടി ഉറപ്പാക്കണം.

 

പത്തിലധികം ആളുകളിലധികം കൊവിഡ് ബാധിച്ചാല്‍ ആ പ്രദേശം ലാര്‍ജ് ക്ലസ്റ്ററാകും. പത്തിലധികം പേര്‍ക്ക് രോഗബാധയേറ്റിട്ടുള്ള 5 ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കില്‍ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപനം അല്ലെങ്കില്‍ ഓഫീസ് 5 ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാവുന്നതാണ്. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണം. അടച്ചുപൂട്ടല്‍ അവസാന ഓപ്ഷനായി മാത്രമേ പരിഗണിക്കാവൂ.

 

ഓഫീസ് സമയങ്ങളില്‍ എല്ലാ ഉദ്യോഗസ്ഥരും ശരിയായ വിധം എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. കൊവിഡ് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പരിശോധന നടത്തണം. ഓഫീസ് സ്ഥലത്ത് മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. 5 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും എന്‍ 95 മാസ്‌കുകളോ കുറഞ്ഞത് ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകളോ ധരിക്കാന്‍ പ്രോത്സാഹിപ്പിക്കണം.

‘ടിപിആർ ഇനി മാനദണ്ഡമല്ല’

ടിപിആർ എന്നത് നിലവിൽ ഒരു മാനദണ്ഡം അല്ലെന്ന് നേരത്തേ തന്നെ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ രോഗലക്ഷണങ്ങളുള്ളവർ മാത്രമാണ് ടെസ്റ്റ് ചെയ്യുന്നത്. അതിൽ മിക്കവരും കൊവിഡ് പോസിറ്റീവായിരിക്കും. പത്ത് പേർ ടെസ്റ്റ് ചെയ്തതിൽ 8 പേർ പോസിറ്റീവായാൽ ടിപിആർ 80 ശതമാനമായി. അതനുസരിച്ച് ഒരു പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനാകില്ല. ജനജീവിതം സ്തംഭിപ്പിച്ച് ഒരു നിയന്ത്രണങ്ങളും ഇപ്പോൾ നടപ്പാക്കാനാകില്ല. അതിനാലാണ് രോഗബാധിതരുടെ എണ്ണവും എത്ര പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നതിലെ അനുപാതം അനുസരിച്ച് നിയന്ത്രണങ്ങൾ നിശ്ചയിച്ചത്. ഇത് ശാസ്ത്രീയരീതിയാണ് – വീണാ ജോർജ് പറഞ്ഞു.

 

അതേസമയം, ഇന്ന് രാവിലെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ വെന്‍റിലേറ്റർ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കുന്നു. ആദ്യ രണ്ട് തരംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിലാവുന്നവരുടെ എണ്ണം തുലോം കുറവാണ്. ഓരോ തരംഗങ്ങളിലും അത് നേരിടാൻ സാഹചര്യമനുസരിച്ചുള്ള തീരുമാനങ്ങളാണ് സ്വീകരിക്കുന്നത്. ആദ്യതരംഗങ്ങളിൽ നിന്ന് ഭിന്നമായ പ്രതിരോധമാർഗങ്ങളാണ് ഇത്തവണ സ്വീകരിക്കുന്നത്. ടിപിആർ അടിസ്ഥാനമാക്കിയ നിയന്ത്രണങ്ങൾ രണ്ടാം തരംഗത്തിന്‍റെ പകുതിയിൽ വച്ച് തന്നെ ഒഴിവാക്കിയതാണ്. മൂന്നാം തരംഗത്തിൽ എത്ര പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു എന്നതും എത്ര പേർ വാക്സീൻ സ്വീകരിച്ചുവെന്നതുമാണ് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ.

‘പാർട്ടി സമ്മേളനങ്ങൾ പരിശോധിക്കണ്ടത് കളക്ടർമാർ’

രൂക്ഷമായ കൊവിഡ് വ്യാപനത്തിന് ഇടയിലും വിപുലമായ രീതിയിൽ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആരോഗ്യമന്ത്രി നൽകിയില്ല. ജില്ലാ സമ്മേളനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെയേ നടത്താവൂ. എന്ത് പരിപാടികളും കൃത്യമായി ചട്ടങ്ങൾ പാലിക്കണം. അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ജില്ലാ കളക്ടർമാരാണ്. പ്രത്യേക അനുമതിയെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാടികൾ നടത്താം. ഇക്കാര്യങ്ങളിലും അന്തിമ അനുമതി നൽകേണ്ടത് കളക്ടർമാരാണെന്നും മന്ത്രി വ്യക്തമാക്കുന്നു.

 

തൃശ്ശൂരിലെ ഉയർന്ന രോഗവ്യാപനത്തിനും ഇടയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്‍റെ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, തൃശ്ശൂരിൽ രോഗികളുടെ എണ്ണത്തിനനുസരിച്ച് ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നില്ല എന്നും, ടിപിആർ കൂടുതലാണ് എന്നത് പുതിയ ചട്ടങ്ങൾക്ക് അനുസരിച്ച് നിയന്ത്രണങ്ങളിൽ കണക്കാക്കപ്പെടുന്നില്ലല്ലോ എന്നും ആരോഗ്യമന്ത്രി ചോദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top