Kerala

തിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കി: ടി സിദ്ദിഖ്

കോഴിക്കോട്: വടകര വർഗീയ പ്രചാരണത്തിൻ്റെ യഥാർഥ ഉറവിടം കണ്ടെത്തിയാൽ പാനൂർ ബോംബ് സ്ഫോടനത്തിന് സമാന അനുഭവം ഉണ്ടാകുമെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റ് ടി സിദ്ദിഖ് എംഎൽഎ. ‘കാഫിർ പ്രയോഗ’ത്തിൽ ആരോപണം പറഞ്ഞാൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പറഞ്ഞവർക്കുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കിയെന്ന് കുറ്റപ്പെടുത്തിയ സിദ്ദിഖ് ഇരുണ്ട കാലത്തേക്ക് കേരളത്തെ നയിക്കുന്ന ശൈലിക്ക് സിപിഐഎം നേതൃത്വം നൽകിയെന്നും ആരോപിച്ചു. വടകരയും കോഴിക്കോടും ഇതിന് ഉദാഹരണമെന്നും സിദ്ദിഖ് ചൂണ്ടിക്കാണിച്ചു.

സിപിഐഎം നിർമ്മിച്ച വർഗീയ ബോംബും സൈബർ ബോംബും അവരുടെ കയ്യിൽ നിന്ന് പൊട്ടിത്തെറിച്ചുവെന്ന് പരിഹസിച്ച സിദ്ദിഖ് മുറിവുണക്കുന്നതിന് പകരം വർഗീയ പ്രചാരണം സിപിഐഎം നടത്താൻ പാടില്ലാത്തതെന്നും ചൂണ്ടിക്കാണിച്ചു. സൈബർ ബോംബിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് ശ്രമം നടത്തുന്നില്ല. ഉറവിടം സിപിഐഎം എന്നതിന്റെ തെളിവാണിത്. വിഷയം കർക്കശമായി കൈകാര്യം ചെയ്യുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. പൊലീസിന്റെ കയ്യും കാലും സമ്പൂർണ്ണമായി ബന്ധിച്ചുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

സൈബർ ആക്രമണം ഉന്നതല നേതൃത്വത്തിന്റെ ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തിയ സിദ്ദിഖ് വർഗീയ പ്രചാരണത്തിന് കലാപാഹ്വാനത്തിനും സിപിഐഎം നേതൃത്വത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രബുദ്ധ വടകരയുടെ മനസ്സിൽ ഇളക്കം തട്ടിക്കാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. എത്ര കത്തിക്കാൻ ശ്രമിച്ചിട്ടും വടകര കത്തിയില്ല. സിപിഐഎമ്മിൻ്റെ യഥാർത്ഥ മുഖം വടകര തിരിച്ചറിഞ്ഞു. സിപിഐഎം ഇരവാദം ലജ്ജാകരമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top