Kerala

മനസ്സു നിറയെ പുണ്യവുമായി രാമപുരം നാലമ്പല ദർശനം

 

കോട്ടയം :രാമപുരം: രാമനാമ മന്ത്രജപങ്ങൾ ഉയരുന്ന കർക്കടക മാസാചരണത്തിത്തോടനുബന്ധിച്ചു ജൂലൈ 17നു രാമപുരം നാലമ്പല ദർശനത്തിനുതുടക്കമാകും.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നു തീർഥാടകർ എത്തിയിരുന്ന നാലമ്പലങ്ങളിൽ കോവിഡ് കാരണം കഴിഞ്ഞ വർഷം ആഘോഷം ഒഴിവാക്കിയിരുന്നു. ഇത്തവണ വിപുലമായ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി മാണി സി കാപ്പൻ എം എൽ എ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും വിശാലയോഗം ചേർന്നു.

രാമപുരം ശ്രീരാമക്ഷേത്രത്തിൽ ആദ്യം തൊഴുത് കൂടപ്പുലം ലക്ഷ്മണ ക്ഷേത്രത്തിലും അമനകര ഭരത ക്ഷേത്രത്തിലും മേതിരി ശത്രുഘ്ന ക്ഷേത്രത്തിലും ദർശനം നടത്തി തിരിച്ച് ശ്രീരാമ ക്ഷേത്രത്തിലെത്തി ദർശനം പൂർത്തിയാക്കുന്നതായിരുന്നു ക്രമം. രാവിലെ തുടങ്ങി ഉച്ചപ്പൂജയ്ക്കു മുൻപ് ഇത്രയും ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനായി വർഷംതോറും പതിനായിരക്കണക്കിനു തീർഥാടകർ എത്തുന്നുണ്ട്.

 

രാമപുരം ശ്രീരാമ ക്ഷേത്രം

രാമപുരം ടൗണിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി അമ്പും വില്ലും സമർപ്പണം, കുടുംബാർച്ചന എന്നിവയാണു ശ്രീരാമക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ഹനുമാന് പ്രത്യേക വഴിപാട് നടത്താം.

കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം

രാമപുരത്തു നിന്ന് ഉഴവൂർ റൂട്ടിലാണു കൂടപ്പുലം ലക്ഷ്മണക്ഷേത്രം.ചതുർബാഹു വിഗ്രഹത്തിലാണു ലക്ഷ്മണചൈതന്യം. ലക്ഷ്മണ സ്വാമിക്ക് അരമണി സമർപ്പിച്ചാൽ സന്താനലബ്ധിയുണ്ടാകുമെന്നാണു വിശ്വാസം. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ചേർത്തുള്ള സമർപ്പണമാണു പ്രധാന വഴിപാട്.

അമനകര ഭരത ക്ഷേത്രം

രാമപുരം – കൂത്താട്ടുകുളം റൂട്ടിലാണ് അമനകര ഭരതക്ഷേത്രം. ശംഖുപൂജയാണു പ്രധാന വഴിപാട്.കർക്കടക മാസത്തിലെ കറുത്തവാവു ദിനത്തിൽ ആചാരപ്രകാരമുള്ള നമസ്കാര ഊട്ടും നടത്തുന്നു. ശ്രീരാമ – ഭരത ആറാട്ടു നടക്കുന്ന കുളത്തിൽ മീനൂട്ടു വഴിപാടുണ്ട്.

മേതിരി ശത്രുഘ്ന ക്ഷേത്രം

അമനകരയിൽ നിന്ന് ഒരു കിലോമീറ്റർ സ‍ഞ്ചരിച്ചാൽ മലനിരയുടെ താഴ്വാരത്താണ് ശത്രുഘ്ന ക്ഷേത്രം. 2 ചൈതന്യ സങ്കൽപങ്ങളാണ് വിഗ്രഹത്തിന്റെ പ്രത്യേകത. ഉച്ചപ്പൂജ വരെ ശത്രുഘ്ന സങ്കൽപവും ഉച്ചയ്ക്കു ശേഷം സന്താനഗോപാല സങ്കൽപവും. ഉച്ചപ്പൂജ വരെയേ ശത്രുഘ്ന സങ്കൽപമുള്ളൂ എന്നതുകൊണ്ടാണ് നാലമ്പല ദർശനം ഉച്ചപ്പൂജയ്ക്കു മുൻപെന്ന ആചാരം നിലനിൽക്കുന്നത്.ചക്രസമർപ്പണവും സന്താനലബ്ധിക്കായി തൊട്ടിൽ സമർപ്പണവുമാണു പ്രധാന വഴിപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top