തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് മഴയില്‍ വ്യാപക നാശനഷ്ടം. തേക്കുംമൂട് ബണ്ട് കോളനിയില്‍ വെള്ളം കയറി. 150ഓളം വീടുകളിലാണ് വെള്ളം കയറിയത്. 200 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കുമരപുരം, കുന്നംകുളം സ്‌കൂളുകളിലേക്കാണ് ആളുകളെ മാറ്റുന്നത്.

ആലപ്പുഴയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേര്‍ത്ത, അമ്പലപ്പുഴ താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. തണ്ണീര്‍മുക്കം മരുതൂര്‍വട്ടം എല്‍പി സ്‌കൂളില്‍ 10 കുടുംബങ്ങളിലെ 36പേര്‍ എത്തിയിട്ടുണ്ട്.രാത്രിയും മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നു എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു ഇന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

