Kerala

നിയമം ലംഘിച്ച് പാടം നികത്തി; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിർമാണം തടഞ്ഞ് നഗരസഭ

പെരുമ്പാവൂർ: പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിർമാണം തടഞ്ഞ് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്താണ് സിനിമ സെറ്റ് നിർമ്മിക്കുന്നതിനെതിരെയാണ് നടപടി. പൃഥ്വിരാജ് നായകനായ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സെറ്റ് നിർമിക്കുന്നത്.

വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകൻ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിൽ 12–ാ ം വാർഡിൽ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂർ അമ്പലത്തിന്റെ മാതൃക നിർമിക്കുന്നത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

പ്ലൈവുഡും കഴകളും സ്റ്റീൽ സ്ക്വയർ പൈപ്പും പോളിത്തീൻ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി അറുപതോളം കലാകാരൻമാർ ചേർന്നാണ് നിർമാണം നടത്തുന്നത്. വിപിൻ ദാസാണ് സിനിമയുടെ സംവിധായകൻ. നിർമാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് പറഞ്ഞു. പാടം നികത്തിയ സ്ഥലത്ത് നിർമാണ അനുമതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നിർമാണത്തിന് അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കൗൺസിൽ യോഗത്തിൽ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. ചില കൗൺസിലർമാരുടെ വ്യക്തി താൽപര്യമാണ് നിർമാണത്തിനു സ്റ്റോപ്പ് മെമ്മോ നൽകാൻ കാരണമെന്ന് വി.സി.ജോയ് ആരോപിച്ചു. മകന്റെ പേരിലുള്ള സ്ഥലത്തെ നിർമാണത്തിന് തന്റെ പേരിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top