Crime

വടക്കൻ പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി ജിത്തുവിന്റെ (22) മൊഴി

വടക്കൻ പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി ജിത്തുവിന്റെ (22) മൊഴി. കത്തി വീശി വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ശരീരത്തിൽ തീ പടർന്നതോടെ ജിത്തുവിനെ ചേർത്തുപിടിക്കാൻ വിസ്മയ ശ്രമിച്ചെന്നും സമീപത്തുണ്ടായിരുന്ന മേശയുടെ കാൽ ഉപയോഗിച്ച് ജിത്തു പ്രതിരോധിച്ചെന്നും പോലീസ് പറയുന്നു.

സഹോദരിയോട് വീട്ടുകാർക്കുള്ള സ്നേഹക്കൂടുതലാണ് വഴക്കിൽ കലാശിച്ചതെന്നാണ് മൊഴി. അറസ്റ്റിലായ ജിത്തുവിനെ പോലീസ് പെരുവാരത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ആക്രമണം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രം മാറിയിട്ടാണ് ജിത്തു വീടുവിട്ടത്. രക്തക്കറ പുരണ്ട വസ്ത്രം പോലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു.

തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. ജിത്തു മൊഴികൾ കൃത്യമായി നൽകിയെന്ന് പോലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷം വൈകിട്ടോടെ പറവൂർ കോടതിയിൽ ഹാജരാക്കും. ഇന്നലെ കാക്കനാട്ടെ ‘തെരുവു വെളിച്ചം’ അനാഥാലയത്തിൽ നിന്നാണു ജിത്തുവിനെ പിടികൂടിയത്. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് വിസ്മയയും ജിത്തുവും.

ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെയാണ് വിസ്മയ വീടിനുള്ളിൽ വെന്തുമരിച്ചത്. തുടർന്നു ജിത്തുവിനെ കാണാതായി. എറണാകുളം, തൃശൂർ ജില്ലകളിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് തെരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്ന് വൈകീട്ടോടെ ജിത്തുവിനെ പിടികൂടി.

മാതാപിതാക്കൾ ആലുവയിൽ ഡോക്ടറെ കാണാൻ പോയ സമയത്തായിരുന്നു കൊലപാതകം. മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ് ഇവർ പോയത്. എന്നാൽ ഇടയ്ക്കു ജിത്തു നിർബന്ധിച്ചു സഹോദരിയെക്കൊണ്ടു കെട്ട് അഴിപ്പിക്കുകയായിരുന്നു. ജിത്തുവിന്റെ പ്രണയം ചേച്ചി ഇടപെട്ടു തകർത്തതു സംബന്ധിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top