ആര്‍പ്പൂക്കര(കോട്ടയം) : മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. കോട്ടയം മാന്നാനം ചാത്തുണ്ണിപ്പാറ അഞ്ചലില്‍ വീട്ടില്‍ പ്രശാന്ത് കെ.ആര്‍ (43) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ആര്‍പ്പൂക്കര കസ്തൂര്‍ബാ ജംഗ്ഷനു താഴെ മീനച്ചിലാറ്റില്‍ ആര്‍പ്പൂക്കര ക്ഷേത്രം വക ആറാട്ടുകടവിനു സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ ആറ്റില്‍ കുളിക്കാനെത്തിയ നാട്ടുകാരാണ് യുവാവിന്റെ മൃതദേഹം ആറ്റില്‍ ഒഴുകി നടക്കുന്നതു കണ്ടത്. ഇവര്‍ ഗാന്ധിനഗര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടന്ന് പോലീസ് സ്ഥലത്ത് എത്തി അഗ്‌നിശമന സേനയുടെ സഹായത്തോടെ മൃതദേഹം ആറ്റില്‍ നിന്നും കരയ്ക്ക് എത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരിച്ചത് പ്രശാന്താണെന്നു കണ്ടെത്തിയത്. മൂന്നു ദിവസം മുന്‍പാണ് പ്രശാന്തിനെ വീട്ടില്‍ നിന്നും കാണാതായത്. മുമ്പ് സമാന രീതിയില്‍ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പ്രശാന്ത് യാത്ര പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഈ രീതിയില്‍ യാത്ര പോയതാണെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്.
എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്താതെ വന്നതോടെ ഇവര്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നു പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രശാന്തിനെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. പ്രശാന്തിന്റെ മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. എന്നാല്‍, മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നു ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

