കൊച്ചി :സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. പൗരോഹിത്യ പരിശീലനം നേടിയ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കിയാണ് ആഘോഷം ആരംഭിച്ചത്. 1972 ഡിസംബര്‍ 18നാണ് അന്നത്തെ ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാര്‍ ആന്റണി പടിയറയില്‍നിന്ന് തുരുത്തി സെന്റ് മേരീസ് പള്ളിയില്‍ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. 1996 ഡിസംബര്‍ 18ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജതജൂബിലി ദിനത്തില്‍ മെത്രാനായി നിയമിതനായി.

1997 ഫെബ്രുവരി രണ്ടിന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാര്‍ ആലഞ്ചേരിയുടെ മെത്രാഭിഷേകവും നടന്നു. 2011 മേയ് 26ന് സിറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി വോട്ടെടുപ്പിലൂടെ അദ്ദേഹം മെത്രാപ്പോലീത്തയായി. എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനവും ആലഞ്ചേരിയാണ് വഹിക്കുന്നത്. 2012 ഫെബ്രുവരി 18 ന് വത്തിക്കാനിലെ വി.പത്രോസിന്റെ ദേവാലയത്തിലാണ് മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ പദവി സ്വീകരിച്ചത്. ഞായറാഴ്ച രാവിലെ മൗണ്ട് സെന്റ് തോമസിലെ ചാപ്പലില്‍ മേജര്‍ ആര്‍ച് ബിഷപ് കുര്‍ബാന അര്‍പ്പിച്ചു.


