കേരള - തമിഴ്നാട് അതിര്‍ത്തിയായ പനച്ചമൂട്ടില്‍ റോഡ് സൈഡിലെ വൈദ്യുതി പോസ്റ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മാങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. രാജനെ ബി.ജെ.പി പ്രവര്ത്തകന് വെട്ടിപ്പരിക്കേല്പിച്ചു. ഭരണകക്ഷിയായ സി.പി.എമ്മിന്റെ പ്രസിഡന്റാണ് ടി.എസ്. രാജന്. തലയ്ക്ക് വെട്ടേറ്റ പ്രസിഡന്റിനെ പനച്ചമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഓടയുടെ ഭാഗത്തു നിന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പ്രസിഡന്റ് സ്ഥലത്തെത്തി ഓടയ്ക്ക് തടസമുണ്ടാകാതെ പോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
സംഭവമറിഞ്ഞ് തമിഴ്നാട്ടിലെ അരുമന സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പോസ്റ്റ് പുനഃസ്ഥാപിച്ചു. ചെമ്മണ്ണുവിള സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ സുനിലിനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. ഇയാള്‍ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ശ്രീകാന്ത്, വെള്ളറട സി.ഐ മൃദുല്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സബ് ഡിവിഷനിലെ പോലീസ് സംഘം സ്ഥലത്തെത്തി കേരളത്തിന്റെ അതിര്‍ത്തിയില്‍ തടിച്ചുകൂടിയവരെ മാറാന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുമന പോലീസ് കേസെടുത്തു.

