വനിതാ ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യ വീഡിയോ പകർത്തി അഞ്ചു ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേർ മുംബൈയിൽ അറസ്റ്റിൽ. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലിനിക്കിലെ കമ്പൗണ്ടറായ യുവതിയെയും അവരുടെ കൂട്ടാളിയെയുമാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഡോക്ടറുടെ പരിശോധനാ മുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ചാണ് കമ്പൗണ്ടർ വീഡിയോ റെക്കോർഡ് ചെയ്തത്.



അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും ഡോക്ടറുടെ കുടുംബത്തിന് അയച്ചു നൽകുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. വിവാഹിതയായ ഡോക്ടർക്ക് വിദേശത്തു നിന്നെത്തിയ സുഹൃത്തുമായി രഹസ്യ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് കമ്പൗണ്ടർ മുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ചത്.

സുഹൃത്ത് പതിവായി ക്ലിനിക്കിൽ എത്താറുണ്ടായിരുന്നു. റെക്കോർഡ് ചെയ്ത ഇരുവരുടെയും സ്വകാര്യ വീഡിയോ യുവതി തന്റെ ആൺസുഹൃത്തിന് അയച്ചു. ഈ വീഡിയോ പിന്നീട് ഇയാൾ ഡോക്ടറുടെ ഫോണിലേക്ക് അയക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് പ്രതികൾ നാല് ദിവസത്തോളം ഡോക്ടറെ ഭീഷണിപ്പെടുത്തി. ഇതിനുശേഷമാണ് ഡോക്ടർ പരാതിയുമായി പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പോലീസിന്റെ നിർദേശ പ്രകാരം പ്രതികൾ ആവശ്യപ്പെട്ട പണം നൽകാമെന്ന് ഡോക്ടർ കമ്പൗണ്ടറായ യുവതിയെ അറിയിച്ചു. എന്നാൽ രഹസ്യ നീക്കത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ച യുവതി ഡോക്ടറുടെ പരിചയക്കാരന് വീഡിയോ അയച്ചു നൽകി. തൊട്ടുപിന്നാലെ ഇരുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ക്യാമറയും മെമ്മറി കാർഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

