Kerala

ഭക്തിഗാനമേളക്കിടയില്‍ കുഴഞ്ഞുവീണ മൃദംഗ കലാകാരന്‍ മരിച്ചു

 

 

ഭക്തിഗാനമേളക്കിടെ വേദിയില്‍ കുഴഞ്ഞുവീണ പ്രമുഖ മൃദംഗകലാകാരന്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരണമടഞ്ഞു. പാലാ കൊച്ചിടപ്പാടി കാനാട്ട് കെ.ജി. ഹരിദാസ് (പാലാ ഹരിദാസ് – 66) ആണ് ഈ ഹതഭാഗ്യന്‍.

കഴിഞ്ഞ പന്ത്രണ്ടാം തീയതി വൈകിട്ട് പയപ്പാര്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രോത്സവത്തില്‍ ഭക്തിഗാനമേള അവതരിപ്പിക്കുന്നതിനിടെ മൃദംഗം വായിച്ചുകൊണ്ടിരുന്ന ഹരിദാസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ നടന്നുവരികയായിരുന്നു. തലയിലെ ഞരമ്പ് പൊട്ടി അതീവഗുരുതരാവസ്ഥയിലായിരുന്നു ഹരിദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

കാനാട്ട് പരേതനായ ഗോപാലന്‍ – സരോജിനിയമ്മ ദമ്പതികളുടെ ആറ് മക്കളില്‍ രണ്ടാമനായ ഹരിദാസ് (തങ്കന്‍) പ്രസിദ്ധ മൃദംഗവാദകന്‍ പാലാ ചിന്നക്കുട്ടന്‍ മാസ്റ്ററുടെ ശിഷ്യനാണ്. നിരവധി വേദികളില്‍ ഇദ്ദേഹം സംഗീത സദസ്സുകള്‍ക്ക് പക്കമേളമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭക്തിഗാനമേള ട്രൂപ്പുകള്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പ്രമുഖ സംഗീതജ്ഞ പാലാ പുഷ്പകുമാരി ഉൾപ്പെടെ അഞ്ചു സഹോദരങ്ങളുണ്ട്.

 

കലാരംഗത്തിനൊപ്പം പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്ന ഹരിദാസ് സി.പി.ഐ. പാലാ മുന്‍ ലോക്കല്‍കമ്മറ്റിയംഗവും മീനച്ചില്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ മാനേജിംഗ് കമ്മറ്റിയംഗവുമായിരുന്നു.ഭാര്യ രാധ പോണാട് കുഴിമറ്റത്തില്‍ കുടുംബാംഗമാണ്. രാഖി, സ്വാതി, പാര്‍വതി എന്നിവരാണ് മക്കള്‍.സിമോദ് (കുറവിലങ്ങാട്, ) കണ്ണന്‍ (വിപിന്‍കുമാര്‍) തിരുവല്ല, ദീപു പൊന്‍കുന്നം എന്നിവര്‍ മരുമക്കളും. സംസ്‌കാരം ഇന്ന് 2.30 ന് കൊച്ചിടപ്പാടിയിലെ കാനാട്ട് തറവാട്ടുവീട്ടുവളപ്പില്‍ (സഹോദരന്‍ ഓട്ടോ ബാബുവിന്റെ – കുഞ്ഞുമാനി- വീട്ടുവളപ്പില്‍) നടക്കും.

പ്രമുഖ മൃദംഗകലാകാരനായിരുന്ന കെ.ജി. ഹരിദാസിന്റെ നിര്യാണത്തില്‍ ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജി ടോണി, എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ നേതാക്കളായ എം.ബി. ശ്രീകുമാര്‍, എം.പി. സെന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

സുനിൽ പാലാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top