പാലാ: ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും ഗ്രാമീണ ജനതയെ സംരക്ഷിക്കുന്നതിന് കർഷകവിപണികൾ വ്യാപകമാവേണ്ടതുണ്ടന്ന് പാലാ രൂപതാ സഹായ മെത്രാൻ മാർ. ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു. കർഷകർക്ക് തങ്ങളുടെ വിളകൾക്കും ഉൽപ്പന്നങ്ങൾക്കും ന്യായവില ഉറപ്പു വരുത്താനും കൂടുതൽ പേരെ കൃഷിയിലേക്കാകർഷിക്കാനും കർഷകവിപണികൾക്കാകുമെന്ന് ബിഷപ്പ് തുടർന്നു പറഞ്ഞു.

കാർഷികരംഗത്ത് പുത്തൻ സാങ്കേതികവിദ്യയിലൂടെ മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കാൻ കർഷക കൂട്ടായ്മകൾ മുന്നോട്ടു വരണമെന്നും കാഞ്ഞിരമറ്റത്തെ കർഷക കൂട്ടായ്മ കിഴക്കമ്പലം റ്റ്വന്റീറ്റ്വൻറ്റി പോലെ മാതൃകയായി മാറണമെന്നും ബിഷപ്പ് പറഞ്ഞു. പാലാ രൂപതയുടെ കർഷക ദശകാചരണത്തിന്റെ ഭാഗമായി ഇടവക പള്ളികൾ തോറും ആരംഭിക്കുന്ന ഗ്രാമീണ കർഷകവിപണികളുടെ രൂപതാ തല ഉദ്ഘാടനവും അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും കാഞ്ഞിരമറ്റത്ത് നിർവ്വഹിച്ച് സംസാരിക്കുക യായിരുന്നു ബിഷപ്പ്.
കർഷക ദള ഫെഡറേഷൻ രക്ഷാധികാരി ഫാ. എബ്രാഹം ഏരിമറ്റം അദ്ധ്യക്ഷനായിരുന്നു. പി.എസ്.ഡബ്ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിയ്ക്കൽ, പഞ്ചായത്തു മെമ്പർ മാത്തുക്കുട്ടി ഞായർകുളം, ഭാരവാഹികളായ ജയ്മോൻ പുത്തൻ പുരയ്ക്കൽ,സണ്ണി കളരിക്കൽ , ടോം ജേക്കബ് ആലയ്ക്കൽ, ജോർജുകുട്ടി കുന്നപള്ളിൽ, ജോസഫ് ഓലിയ്ക്കതകിടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് പി.വി. ജോർജ് പുരയിടം, മാനുവൽ എം ആലാനി, ടോമി മുടന്തിയാനി, തോമസ് കൈപ്പൻ പ്ലാക്കൽ, തങ്കച്ചൻ പ്ലാത്തറ , ലീലാമ്മ ജോസഫ്, ഷേർളി ടോം, മിനി ജോണി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

