മലപ്പുറം :കോഡൂരില്‍ വാഹനം തട്ടിക്കൊണ്ടുപോയി 80 ലക്ഷത്തിന്റെ കുഴല്‍പണം കവര്‍ന്ന സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിലായി. ആലപ്പുഴ മുതുകുളം സ്വദേശികളായ വെള്ളശ്ശേരി മണ്ണല്‍ വീട്ടില്‍ അജി ജോണ്സണ് (32), ‘രമ്യഭവനം’ വീട്ടില്‍ രഞ്ജിത്ത് (26) എന്നിവരെയാണ് മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നവംബര്‍ 26ന് നാല് വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയാണ് കുഴല്‍പണം കടത്തുകയായിരുന്ന വാഹനം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. അജി ജോണ്സണ് ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിലായി മൂന്ന് വധശ്രമമടക്കം 15ഓളം കേസുകളിലെ പ്രതിയാണ്. ഇയാള്‍ അടുത്തിടെ ചില തമിഴ് പടങ്ങളില്‍ അഭിനയിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. രഞ്ജിത്തും വധശ്രമം, വാഹനം മോഷണം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്.

തൃശൂര്‍ ഒല്ലൂരില്‍ ഒരുകോടി കവര്‍ന്ന സംഭവത്തില്‍ ജയിലിലായ പ്രതികളും വധശ്രമത്തിന് പിടിയിലായ അജി ജോണ്‍സണും ജയിലില്‍ കിടക്കുന്ന സമയത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. അജി ജോണ്‍സണിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍നിന്നുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. സംഘത്തില്‍ ഉള്‍പ്പെട്ട എറണാകുളം സ്വദേശി സതീഷ്, മങ്കട ബിജേഷ്, തിരൂരങ്ങാടിയിലെ നൗഷാദ്, മുസ്തഫ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചക്ക് നേതൃത്വം നല്കിയ സംഘത്തലവന് നിലമ്പൂര്‍ സ്വദേശി സിറില്‍ മാത്യു ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ കസ്റ്റഡിയില്‍ വാങ്ങും. എസ്.ഐ അമീറലി, ഗിരീഷ് പി സഞ്ജീവ്, പി. സലീം, കെ.ദിനേശ്, ആര്.ഷഹേഷ്, സി.രജീഷ് ജസീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


