തിരുവനന്തപുരം: അതിവേഗറയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതി ദരിദ്രര്‍ക്കും നഷ്ടപരിഹാരം നല്‍കും.


മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മാധ്യമ മേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യ സ്ഥാനപനങ്ങള്‍ക്കും, വാടകക്കാര്‍ക്കും പ്രത്യേകം തുക വിശദീകരിച്ചിട്ടുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാല്‍ എത്ര രൂപ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഭൂരഹിതര്‍ക്ക് അഞ്ചു സെന്റ് ഭൂമിയും ലൈഫ് മാത്യകയില്‍ വീടും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും അഞ്ചു സെന്റ് ഭൂമിയും നാലു ലക്ഷം രൂപയും നല്‍കും. അതുമല്ലെങ്കില്‍ നഷ്ടപരിഹാരവും ആറു ലക്ഷം രൂപയും നാലു ലക്ഷം രൂപയും നല്‍കാന്‍ തീരുമാനിച്ചു. കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ ലഭിക്കും. വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.

