Kerala

ഭീഷണിക്കത്ത്; പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുമെന്ന ഭീഷണിക്കത്തിന് പിന്നാലെ കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദൻ. പൊലീസ് തന്നെയാണ് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന ഇന്‍റലിജിൻസ് റിപ്പോർട്ട്‌ പുറത്തു വിട്ടിരിക്കുന്നത് സുരേന്ദ്രൻ ആരോപിച്ചു. എന്ത് തന്നെയായലും പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് വന്നത് ഒരാഴ്ച മുമ്പാണ്. ഭീഷണിപ്പെടിത്തിയ ആളുടെ പേരും നമ്പറും കത്തിൽ ഉണ്ട്. ഇത് പൊലീസ് പരിശോധിച്ചിട്ടുണ്ടോ. ഇന്‍റലിജിൻസ് റിപ്പോർട്ടിനെ കുറിച്ച് പൊലീസിന്റെ നിലപാട് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. നിലവിൽ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്ന രണ്ടു പാർട്ടികളുടെ പേര് ഇന്‍റലിജൻസ് റിപ്പോർടിൽ ഉണ്ട്. ഇവർ ഇടതു പക്ഷത്തിന്‍റ ഘടക കക്ഷികൾ ആണ്. കേരളത്തിൽ മത തീവ്രവാദികളും രാജ്യ ദ്രോഹികളും ശക്തമാണ്. പൊലീസ് ഇവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ തലേ ദിവസം സുരക്ഷാ ഭീഷണി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ പൊലീസിന്റെ ബുദ്ധിയാണോ അതോ മറ്റ് ആരുടെയെങ്കിലും ബുദ്ധിയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്. കത്ത് എഡിജിപി ഇന്‍റിലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ളവയാണ് ചോര്‍ന്നത്. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. സ്കീം ചോർന്നത് സംബന്ധിച്ച് എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ ആന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top