കോട്ടയം: റബ്ബർ വിലയിടിവിന് കാരണം ആസിയാൻ കരാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് റബർ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായെന്നും പിണറായി വിജയൻ കോട്ടയത്ത് പറഞ്ഞു. ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷത്തിൻ്റെ എതിർപ്പ് മൂലം കരാറിൽ ഒപ്പിടാൻ കഴിഞ്ഞില്ല. രണ്ടാം യുപിഎ സർക്കാരാണ് കരാർ ഒപ്പിട്ടത്. അസിയാൻ കരാർ മൂലം രാജ്യത്തെ കാർഷികമേഖല തകർന്നു. ഈ കരാർ മൂലം രാജ്യത്തേക്ക് റബ്ബർ യഥേഷ്ടം ഇറക്കുമതി ചെയ്തത് വിലയിടിയാൻ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിൻ്റെ നയമാണ് ബിജെപി തുടരുന്നത്. ടയർ വില ഉയരുകയും റബ്ബർ വില കുറയുകയും ചെയ്യുന്നു. ഈ തുക കർഷകർക്ക് നൽകാൻ സിപിഐഎം ആവശ്യപ്പെട്ടു. ഇതിൻ്റെ ഭാഗമായി 1600 കോടി രൂപ ടയർ കമ്പനിക്ക് പിഴയിട്ടു. ഈ തുക കർഷകർക്ക് നൽകാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. റബ്ബർ വില 250 രൂപയാക്കണമെന്നാണ് എൽഡിഎഫ് ആവശ്യം. ഇതിനിടെ കോട്ടയത്ത് തോമസ് ചാഴികാടനെ മുഖ്യമന്ത്രി പുകഴ്ത്തി. തോമസ് ചാഴികാടൻ നിലപാടിൽ വ്യക്തതയുള്ള നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്തുനിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമാണ് തോമസ് ചാഴിക്കാടൻ.

