Kerala

സി.പി.എം വെള്ളൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ കാഴ്ചക്കാരനായി കുഞ്ഞികൃഷ്ണന്‍.,മുഖ്യാതിഥിയായി ടി. ഐ മധുസൂദനന്‍ എംഎല്‍എ

കണ്ണൂര്‍ :  സി.പി.എം വെള്ളൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ ടി. ഐ മധുസൂദനന്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണമുന്നയിച്ചതിന് തല്‍സ്ഥാനത്തു നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി നീക്കം ചെയ്ത ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍ കാഴ്ചക്കാരനായി. വേദിയില്‍ കയറാതെ കുഞ്ഞികൃഷ്ണന്‍ സദസ്യരിലൊരാളായി ഇരിക്കുകയായിരുന്നു.

 

ആരോപണ വിധേയനായ ടി. ഐ മധുസൂദനനെ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ പരിഗണിച്ചു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പരിപാടിയില്‍ മുഖ്യാതിഥിയായതും പതാക ഉയര്‍ത്തിയതും മധുസൂദനന്‍ തന്നെയായിരുന്നു. ഇതോടെ ജില്ലാനേതൃത്വം മധുസൂദനനെ പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടാണ് മുന്‍പോട്ടു പോകുന്നതെന്ന നിലപാടില്‍ തന്നെയാണെന്ന് വ്യക്തമായി.

വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലാണ് ദേശീയ പാതയ്ക്കായി പൊളിച്ചുമാറ്റേണ്ടി വന്ന പഴയ കെട്ടിടത്തിനു പകരം പുതിയ പാര്‍ട്ടി ഓഫീസ് സി.കണ്ണന്‍നായര്‍ സ്മാരകമെന്ന പേരില്‍ പണിതത്. പയ്യന്നൂരില്‍ കൊടുമ്പിരി കൊള്ളുന്ന പാര്‍ട്ടി ഫണ്ട് തിരിമറി വിവാദത്തിനിടെ നടത്താന്‍ തീരുമാനിച്ച ഉദ്ഘാടനത്തില്‍ നിന്നും വി.കുഞ്ഞികൃഷ്ണന്‍ വിട്ടു നില്‍ക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്‌ച്ചയെ തുടര്‍ന്ന് പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തനിക്ക് ഏറെ വൈകാരികമായി ബന്ധമുള്ള പാര്‍ട്ടി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് വി.കുഞ്ഞികൃഷ്ണന്‍ പിന്നീട് പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നു വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിയുടെ ഏരിയാകമ്മിറ്റി അംഗമായി തന്നെയാണ് സ്വാഗതപ്രസംഗികന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വേദിയിലിരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനാണ് പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തത്. സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ വത്സന്‍ പനോളി, ടി. ഐ മധുസൂദനന്‍ എംഎല്‍എ, ടി.വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷിയായ ധന്‍രാജിന്റെ പേരില്‍ പിരിച്ചു കൂട്ടിയ ഫണ്ട് നേതാക്കന്മാര്‍ കയ്യിട്ടു വാരിയതാണ് പുതുതായി പാര്‍ട്ടിയില്‍ പ്രശ്‌നം ഉടലെടുക്കാന്‍ കാരണം. 2011 ജൂലൈ 16ന് പയ്യന്നൂരിലെ സജീവ സിപിഎം പ്രവര്‍ത്തകനായ സി.വി.ധന്‍രാജ് കൊല്ലപ്പെടുന്നു. തുടര്‍ന്ന് ധന്‍രാജിന്റെ കടങ്ങള്‍ വീട്ടാനും വീട് വെച്ച് നല്‍കാനും പാര്‍ട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. എണ്‍പത്തിയഞ്ച് ലക്ഷത്തിലധികം പിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ 25 ലക്ഷം രൂപയ്ക്ക് ധന്‍രാജിന്റെ കുടുംബത്തിന് വീട് വെച്ചുനല്‍കി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരില്‍ 5 ലക്ഷം വീതവും അമ്മയുടെ പേരില്‍ 3 ലക്ഷവും സഹകരണബാങ്കില്‍ സ്ഥിര നിക്ഷേപം ഇട്ടു.

പാര്‍ട്ടിയുടെ പക്കലുണ്ടായിരുന്ന ബാക്കി വന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ട് സിപിഎം നേതാക്കളുടെ ജോയിന്റ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമാക്കി ഇടുകയും ചെയ്തു. എന്നാല്‍ മരിച്ച ധന്‍രാജിന് 15 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. ഇത് വീട്ടാതെയാണ് നിക്ഷേപം നടത്തിയത്. ധന്‍രാജിന്റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തില്‍ ജോലിയുണ്ടെന്നും ആ വരുമാനത്തില്‍ നിന്നും കടം വീടട്ടെയെന്ന് പറഞ്ഞാണ് ബാക്കി പണം നേതാക്കന്മാരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. തുടര്‍ന്ന് സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിച്ച 5 ലക്ഷത്തിന്റെ പലിശ രണ്ട് സ്വകാര്യ നേതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. പിന്നാലെ 42 ലക്ഷവും പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉയര്‍ത്തിയതോടെയാണ് വി. കുഞ്ഞികൃഷ്ണനും സിപിഎം നേതൃത്വവും തമ്മില്‍ ഇടഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top