Crime

ഉഴവൂരിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണം കവർന്നു

കോട്ടയം: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ പട്ടാപ്പകൽ ആക്രമിച്ച് സ്വർണം അപഹരിച്ചു. കോട്ടയം ഉഴവൂർ കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിന്റെ വീട്ടിൽ നിന്നാണ് രണ്ട് യുവാക്കൾ 6 വളയും 2 മോതിരവുമടക്കം എട്ട് പവൻ അപഹരിച്ചത്. മാമ്പഴം ചോദിച്ചെത്തി വീട്ടിൽ കയറി യുവാക്കൾ ഏലിയാമ്മയെ ആക്രമിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 1‌:45നാണ് സംഭവം. വീട്ടിൽ എത്തിയ യുവാക്കൾ മാമ്പഴം വേണമെന്ന് പറഞ്ഞു. ഏലിയാമ്മ മാങ്ങയെടുക്കാൻ വീടിനുള്ളിൽ കയറിയപ്പോൾ യുവാക്കളിൽ ഒരാൾ പിന്നാലെ കയറി കട്ടിലിലേക്കു തള്ളിയിട്ടു. വായ പൊത്തിപ്പിടിച്ച് വളകളും മോതിരവും ഊരിയെടുത്തു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും യുവാക്കൾ സ്കൂട്ടറിൽ കടന്നുകളഞ്ഞു.

മക്കൾ വിദേശത്തായതിനാൽ എഴുപത്തഞ്ചുകാരിയായ ഏലിയാമ്മ ഒറ്റയ്ക്കാണു താമസം. “എന്നും സഹായത്തിനു വരുന്ന സ്ത്രീ ഇന്നലെ വന്നില്ല. എനിക്കു കാഴ്ചക്കുറവുണ്ട്. അവർ മുറ്റത്തു നിന്ന് മാമ്പഴവും കുടിക്കാൻ കഞ്ഞിവെള്ളവും ചോദിച്ചു. അതെടുക്കാൻ ഞാൻ അകത്തുകയറിയപ്പോൾ ഒരാൾ പിന്നാലെ വന്നു. ഞാൻ കൊടുത്ത മാമ്പഴം വലിച്ചെറിഞ്ഞ ശേഷം അയാൾ എന്നെ കട്ടിലിലേക്കു തള്ളിയിട്ടു. ബലമായി മോതിരവും വളകളും ഊരിയെടുത്തു. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ഞെട്ടൽ മാറിയിട്ടില്ല”, ഏലിയാമ്മ പറഞ്ഞു. വൈക്കം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top