Health

എരുമേലിയിൽ കോവിഡ് നൂറിലേക്ക്:ആശുപത്രിയിലും,പോലീസിലും ,ബാങ്കിലും കോവിഡ് ബാധിതർ

 

 

എരുമേലി : ആശുപത്രിയിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ്. ഒപ്പം പോലിസ് സ്റ്റേഷനിലും ബാങ്കുകളിലും കോവിഡ് ബാധിതർ. എരുമേലി പഞ്ചായത്തിൽ മൊത്തം 97 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ അടച്ചു പൂട്ടിയ കോവിഡ് ചികിത്സാ കേന്ദ്രം ഉടനെ പുനരാരംഭിക്കേണ്ട സ്ഥിയിലേക്കാണ് ഇപ്പോൾ രോഗ വ്യാപനം എത്തിനിൽക്കുന്നത്. ശബരിമല തീർത്ഥാടന കാലത്ത് കോവിഡ് പ്രതിരോധം പാളിയതാണ് ഇപ്പോൾ രോഗ വ്യാപനത്തിലേക്കെത്തിയിരിക്കുന്നത്.

കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസം മുതൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ കൊണ്ട് കോവിഡ് വ്യാപനം എരുമേലിയിലും കുറഞ്ഞേക്കുമെന്നാണ് ഇനിയുള്ള പ്രതീക്ഷ. ജില്ലയിൽ കോവിഡ് ബാധിതരുടെ കണക്കിൽ മുന്നിൽ നിൽക്കുകയാണ് എരുമേലി. ആഴ്ചയിൽ രണ്ട് ദിവസമാണ് കോവിഡ് ടെസ്റ്റ്‌ എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ നടത്തിയിരുന്നത്. രോഗ വ്യാപനത്തിന്റെ സൂചന പ്രകടമായതോടെ ആഴ്ചയിൽ മൂന്ന് ദിവസമാക്കി ടെസ്റ്റ്‌ വർധിപ്പിക്കാൻ തീരുമാനമായി. ഇതേതുടർന്ന് ഇന്ന് ടെസ്റ്റ്‌ നടത്തുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. സീന ഇസ്മായിൽ അറിയിച്ചു. ഒരു വനിതാ ഹെൽത്ത് ഇൻസ്‌പെക്ടർ, രണ്ട് അറ്റൻഡർമാർ, ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി ജോലി ചെയ്ത രണ്ട് ജീവനക്കാർ എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടടുത്ത് പോലിസ് സ്റ്റേഷനിൽ നാല് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബാങ്കുകളിൽ ഏതാനും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി സർക്കാർ ആശുപത്രിയിൽ നടന്ന കോവിഡ് ടെസ്റ്റുകളിൽ ദിവസവും നൂറിലധികം പേരാണ് പരിശോധനക്കെത്തിയത്. സർക്കാർ ആശുപത്രിയിൽ നടക്കുന്ന ടെസ്റ്റിൽ പോസിറ്റീവ് ആയവരുടെ എണ്ണം മാത്രമാണ് നിലവിലുള്ളത്. അതേസമയം സ്വകാര്യ ലാബിലും ടെസ്റ്റ്‌ കിറ്റ് വാങ്ങി വീടുകളിൽ സ്വയം പരിശോധിച്ച് കോവിഡ് ഉണ്ടെന്ന് ബോധ്യപ്പെട്ടവരുടെയും എണ്ണം പുറത്തു വന്നിട്ടില്ല. ഇവരുടെ എണ്ണം കൂടി കണക്കാക്കിയാൽ രോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകാനാണ് സാധ്യത. തീർത്ഥാടന കാലത്ത് മാസ്ക് ധരിക്കൽ നാട്ടുകാരിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. തീർത്ഥാടകരിൽ മാസ്ക് ധരിക്കൽ കർശനമാക്കുക പ്രായോഗികമായി നടപ്പിലാക്കാൻ പ്രയാസകരമായതിനാൽ കർക്കശമാക്കിയിരുന്നില്ല. ഇപ്പോൾ രോഗ വ്യാപനം പ്രകടമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top