കോഴിക്കോട്:നരിപ്പറമ്പിൽ നിന്ന് മോഷണം പോയ ബുള്ളറ്റുമായി ബാറിലെത്തിയ മൂന്നംഗസംഘത്തിലെ രണ്ടുപേരെ ചങ്ങരംകുളം പോലീസ് ഓടിച്ചിട്ടു പിടിച്ചു. കോഴിക്കോട് സ്വദേശിയായ മൂന്നാമൻ ഓടി രക്ഷപ്പെട്ടു. ചെമ്മാട് വെളിമുക്ക് കുറ്റിയിൽ മുഹമ്മദ് മുസ്ഫിർ (19), വെളിമുക്ക് പത്തായക്കാട് വീട്ടിൽ ഫഹ്മിദ് റിനാൻ (19) എന്നിവരെയാണ് ഇൻസ്പെക്ടർ ബഷീർ ചിറക്കൽ, എസ്.ഐ. ഹരിഹരസൂനു എന്നിവരടങ്ങിയ സംഘം പിടിച്ചത്.

പ്രദേശത്ത് കുറച്ചു ദിവസമായി മോഷ്ടാക്കളുടെ ശല്യം കൂടുന്നെന്ന വിവരത്തെത്തുടർന്ന് രാത്രി പെട്രോൾ ശക്തമാക്കിയിരുന്നു. വ്യാഴാഴ്ച പെട്രോളിങ്ങിനിടെയാണ് നരിപ്പറമ്പിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മോഷണം പോയ ബൈക്കുമായി ചങ്ങരംകുളത്തെ ബാറിനടുത്ത് മൂന്നംഗസംഘത്തെ പോലീസ് കണ്ടത്. ഇവരെ വളഞ്ഞു പിടിക്കാൻ ശ്രമിച്ചതോടെ മൂന്നുപേരും ഓടി. പിറകെ ഓടിയ പോലീസ് രണ്ടുപേരെ പിടികൂടിയെങ്കിലും മൂന്നാമൻ രക്ഷപ്പെട്ടു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. രാജേഷ്, ജസ്റ്റിൻ രാജ് എന്നീ പോലീസുകാരും സംഘത്തിലുണ്ടായിരുന്നു.

