Kerala

കേരളം നഗര ജലഗതാഗതത്തിലും രാജ്യത്തിന് മാതൃകയാകുന്നു; വന്ദേഭാരത് അനുവദിച്ചതിന് നന്ദി; സിൽവർലെെൻ പരാമർശിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗര ജലഗതാഗതത്തിലും രാജ്യത്തിന് മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തെ ആദ്യത്തേതു മാത്രമല്ല, ഏഷ്യയിലെ ആദ്യത്തെയും സംയോജിത ജലഗതാഗത സംവിധാനമാണ് കൊച്ചി വാട്ടര്‍ മെട്രോയെന്ന് തിരുവനന്തപുരത്ത് വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

വാട്ടര്‍ മെട്രോ കൊച്ചിയിലെ വാഹനത്തിരക്ക് കുറയ്ക്കും. കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് കുറയ്ക്കുന്നതിലുള്ള ക്രിയാത്മകമായ നടപടികളിലൊന്നാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയിലുള്ള ഇത്രയും പരിസ്ഥിതി സൗഹൃദമായ ജലഗതാഗത സംവിധാനം ഇന്ത്യയിലെ 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വന്ദേഭാരത് ട്രെയിന്‍ സംസ്ഥാനത്തിന് അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ വിജ്ഞാനസമൂഹമായി ഉയർത്താനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമം. അത്തരത്തിൽ ഒന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക്.

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരളത്തിലേത്. ഇന്ത്യയ്ക്കാകെ പദ്ധതി അഭിമാനകരമാണ്. 1500 കോടിരൂപ ചെലവിലാണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റല്‍ സര്‍വകലാശാല, കൊച്ചി വാട്ടര്‍മെട്രോ തുടങ്ങിയ ഉദ്ഘാടനം ചെയ്യുവാനായി എത്തിയ പ്രധാനമന്ത്രിയോട് സംസ്ഥാനം നന്ദി അറിയിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top