Kerala

തൊടുപുഴയുടെ വികസനം മാസ്റ്റർപ്ലാൻ നിർമ്മാണ നിരോധനം കൂടി ഒഴിവാക്കണമെന്നു നിർദ്ദേശം

 

 

തൊടുപുഴ നഗരസഭയുടെ മാസ്റ്റർപ്ലാനിലെ ജനദ്രോഹപരമായ ഒട്ടുമിക്ക പദ്ധതികളും ഉപേക്ഷിക്കാൻ പി ജെ ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനമായത് എല്ലാ വിഭാഗം ജനങ്ങളും സർവാത്മനാ സ്വാഗതം ചെയ്തിരിക്കുകയാണ്. ഒട്ടും പ്രായോഗികമല്ലാത്ത റോഡ് വികസനം ഉൾപ്പെടെയുള്ള ജനദ്രോഹ പദ്ധതികളാണ് മാസ്റ്റർപ്ലാനിൽ ഉണ്ടായിരുന്നത്.

ആവശ്യമായ പഠനങ്ങൾ കൂടാതെയും, വ്യക്തി താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചിന്തയിലും ജനദ്രോഹ മാസ്റ്റർപ്ലാൻ അംഗീകരിച്ച് പ്രസിദ്ധീകരിക്കാൻ നിർബന്ധം പിടിക്കുകയും മാസ്റ്റർപ്ലാനെ ന്യായീകരിക്കുകയും ചെയ്ത ചിലർക്ക് മാത്രം ദഹിക്കാത്ത തീരുമാനമാണിത്.

 

തൊടുപുഴയുടെ അടുത്ത ഘട്ട വികസനത്തിന് വിദഗ്ധ സ്ഥാപനത്തെ ഏൽപ്പിച്ച്, മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്താതെ തന്നെ പുതിയ പദ്ധതികൾ രൂപപ്പെടുത്താനുള്ള പി ജെ ജോസഫ് എംഎൽഎയുടെ പ്രഖ്യാപനം ഏവരും സ്വാഗതം ചെയ്യുന്നതാണ്. ജനങ്ങളെ ദ്രോഹിക്കാതെയുള്ള വികസനം മാസ്റ്റർപ്ലാൻ ഇല്ലാതെ തന്നെ തൊടുപുഴയിൽ നടന്നിട്ടുള്ളത് ഏവർക്കും അറിയാം. റൈറ്റ്സ് പോലെയുള്ള ഏജൻസികളെ കൊണ്ട് പഠനം നടത്തി വിഭാവനം ചെയ്ത പദ്ധതികളാണ് തൊടുപുഴയുടെ സമഗ്ര വികസനത്തിന് വഴി തെളിച്ചത്. ഈ അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ തൊടുപുഴയുടെ അടുത്ത ഘട്ട വികസനത്തിനുള്ള ശ്രീ പി ജെ ജോസഫിൻ്റെ ശ്രമങ്ങൾ പ്രസക്തമാണ്. തൊടുപുഴയിലെ വികസനം കാക്ക കാഷ്ഠിച്ചപ്പോൾ ആഞ്ഞിലി മുളച്ചത് പോലെ ഉണ്ടായതല്ല, ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്ത് പ്രാവർത്തികമാക്കിയതാണ് എന്ന് വിനീതമായി ഓർമ്മിപ്പിക്കട്ടെ.

 

കഴിഞ്ഞ 6 മാസമായി പരിപൂർണ്ണ നിർമ്മാണ നിരോധനമാണ് നഗരസഭയിൽ ഉള്ളത്. മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്തതും ഇപ്പോൾ ഉപേക്ഷിക്കപ്പെടുന്നതുമായ പദ്ധതികൾക്ക് വേണ്ടി അനേകം പേരുടെ ഭൂമി ക്രയിവിക്രയം ചെയ്യാനോ, വീട് വെച്ച് വായ്പ എടുക്കാനോ, നിർമ്മാണം നടത്താനോ കഴിയാത്ത സ്ഥിതിയിലാണ്. മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ട പദ്ധതികൾ ഉപേക്ഷിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇനിയും ഭൂമി മരവിപ്പിച്ചു നിലനിർത്തുന്നത് ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല.

 

മാസ്റ്റർപ്ലാൻ സംബന്ധിച്ച വിവാദങ്ങൾ ഉയർന്നു വന്നപ്പോൾ തന്നെ ഇതിൽ ഉൾപ്പെട്ട 80 ശതമാനം പദ്ധതികളും ഉപേക്ഷിക്കേണ്ടി വരുമെന്നും, അത് കൊണ്ട് പദ്ധതി പ്രദേശങ്ങൾ മരവിപ്പിച്ച് ഇടുന്നത് ഒഴിവാക്കാൻ അന്തിമ വിജ്ഞാപനം വരെ മാസ്റ്റർപ്ലാൻ സർക്കാർ സ്റ്റേ ചെയ്യണമെന്ന ആവശ്യം സാർവത്രികമായി ഉയർന്നു വന്നിരുന്നു. ഈ ആവശ്യം ന്യായമായിരുന്നെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെടുകയാണ്. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മാസ്റ്റർപ്ലാനിൽ നിലനിർത്തേണ്ട പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമായിരിക്കുന്ന പാശ്ചാത്തലത്തിൽ ഉപേക്ഷിക്കുന്ന പദ്ധതി പ്രദേശങ്ങളിലെ ഭൂമി ഇനിയും മരവിപ്പിച്ചിടുന്നത് ഒട്ടും ന്യായീകരിക്കത്തക്കതല്ല. അതിനാൽ ഇനിയെങ്കിലും നഗരസഭയും സർക്കാരും ഇക്കാര്യത്തിൽ ഇടപെട്ട് ജനങ്ങൾക്ക് ആശ്വാസം പകരാൻ മാസ്റ്റർപ്ലാൻ താൽക്കാലികമായി സ്റ്റേ ചെയ്തു മരവിപ്പിക്കുകയും അന്തിമ വിജ്ഞാപനത്തിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ വേഗതയിലാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

അഡ്വ ജോസഫ് ജോൺ
ഉന്നതാധികാര സമിതി അംഗം
കേരള കോൺഗ്രസ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top