Kerala

ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും പോളിസി

ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതോടെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വന്നു.

നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ക്കനുസരിച്ച് മാത്രമായിരുന്നു 65 വയസിന് മുകളിലുള്ളവര്‍ക്ക് ആരോഗ്യഇന്‍ഷുറന്‍സ് നല്‍കിയിരുന്നത്. ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കായി എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും പോളിസികള്‍ ഏര്‍പ്പെടുത്തണം. ഇന്‍ഷുറന്‍സ് സംബന്ധിച്ച മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ പരിഹരിക്കാനും സഹായങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, ഗര്‍ഭാവസ്ഥയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് യോജിച്ച പോളിസികള്‍ കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.

അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാന്‍ പാടില്ല. നിലവിലുള്ള അസുഖങ്ങള്‍ക്ക് 36 മാസം കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കണം. 48 മാസം എന്ന കാലയളവാണ് 36 മാസമാക്കി ഇളവുചെയ്തത്. ആയുഷ് വിഭാഗങ്ങളിലെ ചികിത്സയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരണം. ആശുപത്രിച്ചെലവുകള്‍ മുഴുവന്‍ കമ്പനി വഹിക്കുന്ന രീതി മാറ്റി ഓരോ രോഗത്തിനും നിശ്ചിത തുക എന്ന രീതിയില്‍ പദ്ധതി കൊണ്ടുവരണം. പുതിയ സംവിധാനങ്ങള്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ബന്ധപ്പെട്ട കമ്പനികളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top