Kerala

ഇ പോസ് മെഷീൻ തകരാ‌റിലായി; സാധനം നൽകാൻ കഴിഞ്ഞില്ല; സെയിൽസ് വുമണിന് മർദ്ദനം

കാട്ടാക്കട: റേഷൻ കടയിലെ ഇ പോസ് മെഷീൻ തകരാ‌റിലായത് കാരണം സാധനം നൽകാൻ കഴിയാത്തതിന്റെ പേരിൽ സെയിൽസ് വുമണെ മർദിച്ചതായി പരാതി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട തേവൻകോട് റേഷൻകടയുടമ റെജിയുടെ ഭാര്യ സുനിതയ്ക്കാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ട് 6.30ഓടെ ഇ പോസ് മെഷീൻ തകരാ‌ർ കാരണം സാധനം നൽകാനാവില്ലെന്നറിയിച്ചപ്പോൾ മർദിച്ചെന്നാണ് സുനിതയുടെ പരാതി. റേഷൻ കടയിൽ എത്തിയ ദീപു എന്നയാൾക്കെതിരെയാണ് പരാതി. ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾ ജാതീയ അധിക്ഷേപം നടത്തിയതായും സുനിത പറഞ്ഞു. ഇവർ കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടി. മൊഴിയെടുക്കല്‍ പൂർത്തിയാക്കിയ ശേഷം കേസെടുക്കും. അക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റി നാളെ കാട്ടാക്കട താലൂക്കിൽ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഇ പോസ് മെഷീൻ കാരണം തർക്കങ്ങളും പ്രശ്നങ്ങളും പതിവാണെന്ന് സിഐടിയു സംഘടനയായ റേഷൻ എംപ്ലോയീസ് യൂണിയൻ ആരോപിച്ചു.

ഫെബ്രുവരി മാസത്തില്‍ സെർവർ തകരാറിലായതോടെ റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം താറുമാറായിരുന്നു. മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. കടയിലെത്തിയ പലരും സാധനം വാങ്ങാനാവാതെ മടങ്ങേണ്ട അവസ്ഥയുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ സര്‍വ്വറിൽ വന്ന തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top