മുംബൈ: മുംബൈയില്‍ ഒരു ടെക്കിയെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച സഹാറ ഹോട്ടലിലാണ് 41കാരനായ നിഷാന്ത് ത്രിപാഠിയെന്ന ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത്. ജോലി ചെയ്യുന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ ആത്മഹത്യ കുറിപ്പെഴുതിയതിന് ശേഷമാണ് ആത്മഹത്യ.

തന്റെ മരണത്തിനുത്തരവാദി ഭാര്യയും അവരുടെ അമ്മായിയുമാണെന്ന് യുവാവ് അപ്‌ലോഡ് ചെയ്ത ആത്മഹത്യ കുറിപ്പില്‍ ആരോപിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. ആത്മഹത്യക്ക് മുമ്പ് മുറിയുടെ വാതിലില്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ സൈന്‍ വെച്ചിരുന്നു. ഏറെക്കഴിഞ്ഞും വിവരമില്ലാത്തതിനെ തുടര്‍ന്ന് മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്ന ഹോട്ടല്‍ ജീവനക്കാരന്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കാണുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാസ്‌വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ് ആത്മഹത്യ കുറിപ്പുള്ളത്.
നിഷാന്തിന്റെ ഭാര്യ അപൂര്‍വ പരീഖ്, അമ്മായി പ്രാര്‍ത്ഥന മിശ്ര എന്നിവര്‍ക്കെതിരെയാണ് കേസ്. നിഷാന്തിന്റെ മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ നീലം ചതുര്‍വേദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആത്മഹത്യ പ്രേരണക്കാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

