Kerala

വരന്തരപ്പിള്ളിയിൽ യുവാവ് മരിച്ചത് കുത്തേറ്റ്; ഭാര്യ അറസ്റ്റിൽ

തൃശ്ശൂര്‍: വരന്തരപ്പിള്ളിയിൽ യുവാവ് മരിച്ചത് ഭാര്യയുടെ കുത്തേറ്റെന്ന് തെളിഞ്ഞു. കലവറക്കുന്ന് സ്വദേശി വിനോദാണ് ഭാര്യ നിഷ(43)യുടെ കുത്തേറ്റ് മരിച്ചത്. ഈ മാസം പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് നിഷ. നിഷയുടെ ഫോൺ വിളികളിൽ സംശയിച്ചിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു.

 

നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും മൽപ്പിടുത്തം നടത്തുകയും പിടിവലിക്കിടെ നിഷയുടെ കൈപിടിച്ച് തിരിച്ച് അതിരൂക്ഷമായി വേദനിപ്പിക്കുകയും ചെയ്തു. ഇതിൽ കോപാകുലയായ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിലിരുന്നപ്പോൾ ഭയപ്പെട്ട നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്നു പോവുകയുമായിരുന്നു.

 

കുറച്ചു നേരമായി ശബ്ദമൊന്നും കേൾക്കാതായതോടെ സമീപത്ത് താമസിക്കുന്ന വിനോദിന്റെ അമ്മ വന്നന്വേഷിച്ചു. ഇരുവരേയും ശാന്തരായി കണ്ട അമ്മ തിരിച്ചു പോയി. കുറേനേരം കഴിഞ്ഞും വിനോദിന്റെ രക്തസ്രാവം നിലക്കാത്തതു കണ്ട് ഒരു വാഹനം വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സക്കിടെ ആരോഗ്യനില വഷളായി വിനോദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്. വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടർന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് വിനോദിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി.

 

പരിസരവാസികളോടും ബന്ധുക്കളോടും നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി. വിനോദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചിരുന്നു. കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.

 

മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന ഇവർ ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ വന്നതോടെ നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരിക്കാന്‍ കാരണമെന്ന് നിഷ സമ്മതിച്ചു. ഡിവൈഎസ്പി ടി എസ് സിനോജിന്റെയും സി ഐ ജയകൃഷ്ണന്റേയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് നിഷ കുറ്റം സമ്മതിച്ചത്. തുടർന്ന് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top