Tech

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാൾ

മുംബൈ: ക്രിക്കറ്റ് ദൈവത്തിന് അമ്പതാം പിറന്നാൾ. 24 വർഷം നീണ്ട രാജ്യാന്തര കരിയറിൽ ഉയർന്ന റൺമല കെട്ടിപ്പടുത്തും സെഞ്ചുറികളിൽ സെഞ്ചുറി തികച്ചും ഒട്ടനവധി റെക്കോർഡുകൾ നേടിയും വിജയം കൈവരിച്ച സച്ചിൻ ജീവിതത്തിന്റെ ഇന്നിങ്സിൽ 50 നോട്ടൗട്ട്

രാജ്യാന്തര ക്രിക്കറ്റിൽ 664 മത്സരങ്ങളിൽ നിന്ന് 100 സെഞ്ചുറികളോടെ 34,357 റൺസും എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളുമാണ് സച്ചിൻറെ ക്രിക്കറ്റ് സമ്പാദ്യം. സെഞ്ചുറികളിൽ സെഞ്ചുറി തീർത്ത ഏക ക്രിക്കറ്ററായി ഇന്നും സച്ചിൻ തുടരുന്നു. 2012 മാർച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിൻറെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിൻ സെഞ്ചുറികളിൽ 100 പൂർത്തിയാക്കിയത്.

200 ടെസ്റ്റും 463 ഏകദിനങ്ങളും ഒരു രാജ്യാന്തര ടി20യും കളിച്ച സച്ചിൻ ടെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ചുറികളുമുള്ള താരമാണ്. ട്വന്റി 20 മാറ്റി നിർത്തിയാൽ മറ്റ് രണ്ട് ഫോർമാറ്റിലും സച്ചിനേക്കാൾ റൺസും സെഞ്ചുറിയും മറ്റാർക്കുമില്ല. 200 ടെസ്റ്റുകൾ കളിച്ച ഏക താരമായ സച്ചിൻ ക്രിക്കറ്റിലെ ദൈർഘ്യമേറിയ ഫോർമാറ്റിൽ 51 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളും സഹിതം 53.79 ശരാശരിയിലും 54.08 പ്രഹരശേഷിയിലും 15921 റൺസ് അടിച്ചുകൂട്ടി. 463 ഏകദിനങ്ങളിൽ 49 സെഞ്ചുറിയും ഒരു ഡബിളും സഹിതം 18426 റൺസും സ്വന്തമാക്കി. ഏകദിനത്തിലെ ബാറ്റിംഗ് ശരാശരി 44.83 ഉം പ്രഹരശേഷി 86.24 ഉം ആണ്.

റെക്കോർഡുകൾ കടപുഴക്കി റണ്ണൊഴുക്കി കുതിക്കുമ്പോഴും രണ്ട് പതിറ്റാണ്ട് സച്ചിന് അന്യമായി നിന്നത് ഒരു ലോകകപ്പ് കിരീടമായിരുന്നു. എന്നാൽ 2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായി സച്ചിൻ ആ വിടവ് തൻറെ നേട്ടങ്ങളുടെ പട്ടികയിൽ നികത്തി. രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നയും പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരവും അർജുന അവാർഡും പത്മശ്രീയും പത്മവിഭൂഷനും വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ് ഇയറും ലോറസ് പുരസ്കാരവും അടക്കം അനവധി നേട്ടങ്ങൾ സച്ചിൻ ടെൻഡുൽക്കർ കരസ്ഥമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ മുംബൈയിൽ 1973 ഏപ്രിൽ 24നായിരുന്നു സച്ചിൻ രമേഷ് ടെൻഡുൽക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിൻ ടെൻഡുൽക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ്‌ ക്രിക്കറ്റിൻറെ ബാലപാഠങ്ങൾ രമാകാന്ത് അചരേക്കറിൽ നിന്ന് സച്ചിൻ പഠിച്ചെടുത്തത്. 1989 നവംബർ 15ന് കറാച്ചിയിൽ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിൻറെ ടെസ്റ്റ് അരങ്ങേറ്റം. ഇതേ വർഷം തന്നെ ഡിസംബർ 18ന് ഏകദിനത്തിലും സച്ചിൻ ഇന്ത്യൻ കുപ്പായമണിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top