Kerala

കാനത്തിന്റെ പട്ടട അണയും മുൻപ് പാർട്ടിക്ക് പുതിയ സെക്രട്ടറി; വിവാദം

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ ചിതയിലെ തീ അണയും മുമ്പ് പുതിയ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ തന്റെ തലവേദന തീർത്തു. കാനം രാജേന്ദ്രന്റെ മരണത്തിന്റെ ആഘാതം മാറുംമുമ്പ് തന്നെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തില്ലെങ്കിൽ കേരളത്തിലെ പാർട്ടിയിൽ വലിയ സംഘടനാ പ്രശ്നങ്ങളുണ്ടാകുമെന്ന് മറ്റാരെക്കാളും നന്നായി ഡി രാജയ്ക്ക് അറിയാമായിരുന്നു. കാനം അവസാനമായി പാർട്ടിക്ക് നൽകിയ കത്ത് തന്നെ രാജ ആയുധമാക്കുകയും ചെയ്തതോടെ കേരളത്തിലെ നേതാക്കൾ പ്രതിരോധത്തിലായി. രാജ തത്ക്കാലം തലവേദ ഒഴിവാക്കിയെങ്കിലും കേരളത്തിലെ പാർട്ടക്കുള്ളിൽ പുതിയ പോർമുഖങ്ങൾ തുറക്കുകയാണ്.

കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങിന് തൊട്ടുപിന്നാലെ കോട്ടയത്ത് സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ചു ചേർക്കുമ്പോൾ മിക്കവർക്കും അത് പുതിയ സെക്രട്ടറിയെ നിയോ​ഗിക്കാനുള്ള യോ​ഗമാണെന്ന് അറിയുമായിരുന്നില്ല. സംഘടന എന്ന ഒറ്റ അജണ്ടയിലേക്ക് ഡി രാജ യോ​ഗത്തെ നയിച്ചപ്പോൾ തന്നെ നേതാക്കളിൽ പലരും അപകടം മണത്തിരുന്നു. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള സമയം ഇതല്ലെന്ന് ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. മുതിർന്ന നേതാക്കളായ കെ.ആർ.ചന്ദ്രമോഹനും ഇ.ചന്ദ്രശേഖരനും ഇതേ ആശങ്ക പ്രകടിപ്പിച്ചെങ്കിലും അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ ഉൾപ്പെടെയുള്ളവർ പുതിയ സെക്രട്ടറി വരട്ടെ എന്ന് നിലപാടെടുത്തു. കാനത്തിന്റെ ആ​ഗ്രഹപ്രകാരം ബിനോയ് വിശ്വത്തെ തന്നെ ആക്ടിം​ഗ് സെക്രട്ടറിയാക്കാമെന്ന നിർദ്ദേശം കൂടി ഡി രാജ മുന്നോട്ട് വെച്ചതോടെ കാനത്തിന്റെ ചിതയണയും മുമ്പ് മറ്റൊരു തർക്കം വേണ്ടെന്ന നിലപാടിലേക്ക് പ്രകാശ് ബാബു ഉൾപ്പെടെയുള്ളവർ മാറുകയായിരുന്നു.

എന്നാൽ, കാനം രാജേന്ദ്രൻ മരിച്ചതോടെ പാർട്ടിയിലെ വിഭാ​ഗീയതക്ക് അറുതിയാകും എന്ന് കരുതിയിരുന്ന നേതാക്കളും അണികളും നിരാശയിലാണ്. സിപിഎമ്മിന് സറണ്ടർ ചെയ്ത് നിൽക്കുന്ന നിലപാടാണ് എന്നും ബിനോയ് വിശ്വം സ്വീകരിക്കാറുള്ളതെന്നും, ആദർശത്തിന്റെ മുഖംമൂടിയണിഞ്ഞ് നിഷ്ക്രിയനായി നിൽക്കുന്ന നേതാവാണെന്നും ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ബിനോയ് വിശ്വത്തിന് കഴിയില്ലെന്നാണ് ഉയരുന്ന ആശങ്ക. പാർട്ടി വീണ്ടും സിപിഎമ്മിന്റെ ബി ടീമായി മാറുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top