ബെംഗളൂരു: മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്കുള്ളവരുടെ അടുത്ത ഘട്ട പ്രവേശനം നവംബർ 15ന് നടക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഹൈക്കമാൻഡിനെ കണ്ട ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശിവകുമാർ ‘ഓപ്പറേഷൻ ഹസ്ത’യുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്.

കോൺഗ്രസിലേക്കുള്ള പ്രവേശനത്തിന്റെ അടുത്ത റൗണ്ട് നവംബർ 15-ന് നടക്കും. ഇത് സംബന്ധിച്ചുള്ള ഒരു അപ്പോയിന്റ്മെന്റ് കാർഡ് തന്റെ പക്കലുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ആരൊക്കെയാണ് കോൺഗ്രസിൽ ചേരുന്നത് എന്ന് നവംബർ 14ന് വൈകിട്ട് വെളിപ്പെടുത്തുമെന്ന് ശിവകുമാർ പറഞ്ഞു.
ബിജെപി, ജെഡിഎസ് നേതാക്കൾ കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവന നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 50 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി ബിജെപി അവകാശപ്പെടുന്നത് എന്തിനെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ശിവകുമാർ പറഞ്ഞു. സ്വന്തം പാർട്ടിക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ബിജെപി ആശയക്കുഴപ്പത്തിലാണെന്ന് ശിവകുമാർ പറഞ്ഞു.

