Kerala

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടന്നു പോകുന്ന വഴിയരികിലെ ചേരികൾ തുണികെട്ടി മറച്ച് അധികൃതർ

അഹമ്മദാബാദ്: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടന്നു പോകുന്ന വഴിയരികിലെ ചേരികൾ തുണികെട്ടി മറച്ച് അധികൃതർ. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൻ എത്തിയത്.സബർമതി ആശ്രമത്തിനു സമീപത്തെ ചേരികൾ തുണികെട്ടി മറച്ച ചിത്രങ്ങൾ ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാധ്യമപ്രവർത്തകനായ ഡി.പി.ഭട്ട ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ചകൾ മറച്ചിരിക്കുന്നത്. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോഴും ചേരികൾ മതിൽകെട്ടി മറച്ചിരുന്നു.

സബർമതി ആശ്രമം സന്ദർശിച്ച ബോറിസ് ജോൺസന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്തകം സമ്മാനിച്ചു. മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബോറിസ് ജോൺസന് ഒപ്പമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനാണ് ബോറിസ് ജോൺസൻ സന്ദർശനം നടത്തുന്നത്. ഫ്രീ ട്രേഡ് എഗ്രിമെന്റ് (എഫ്ടിഎ) ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.

ഗുജറാത്തിലെ ബുള്‍ഡോസർ ഫാക്ടറി സന്ദർശനത്തിനിടെ ബുള്‍ഡോസറില്‍ ചാടിക്കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഗുജറാത്തിലെ പഞ്ച്മഹലിലെ ഹലോൽ ജിഐഡിസിയിലുള്ള ജെ സി ബി ഫാക്ടറി സന്ദർശിക്കുന്നതിനിടെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രവർത്തി. ബോറിസ് ജോണ്‍സണ്‍ ജെ ഡി ബിയില്‍ ചാടിക്കയറുന്ന വീഡിയോ നിമിഷ നേരം കൊണ്ട് ട്വിറ്ററിലുള്‍പ്പടെ വൈറലാവുകയും നെറ്റിസണ്‍സ് മികച്ച കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമായിരുന്നു ബോറിസ് ജോണ്‍സന്റെ ഫാക്ടറി സന്ദർശനം. വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തിയ ബോറിസ് ജോൺസൺ രാവിലെ വ്യവസായ പ്രമുഖൻ ഗൗതം അദാനിയെ സന്ദർശിച്ചിരുന്നു. “ഗുജറാത്ത് സന്ദർശിക്കുന്ന ആദ്യത്തെ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ അദാനി ആസ്ഥാനത്ത് ആതിഥേയത്വം വഹിച്ചതിൽ അഭിമാനമുണ്ട്’- അദാനി ട്വീറ്റ് ചെയ്തു.

വാർഷിക ഉഭയകക്ഷി വ്യാപാരം ശതകോടിക്കണക്കിന് പൗണ്ട് വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര വ്യാപാര കരാർ ഉറപ്പിക്കുന്നതിന് പകരമായി ഇന്ത്യക്കാർക്കായി കൂടുതൽ വിസകൾ നൽകാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. “പ്രതിഭാശാലികളായ ആളുകൾ രാജ്യത്തേക്ക് വരുന്നതിന് ഞാൻ എപ്പോഴും അനുകൂലമാണ്.” എന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ മാധ്യമപ്രവർത്തകരോടായി പറഞ്ഞത്.

 

ഇന്ത്യയും മുൻ കൊളോണിയൽ ശക്തിയായ ബ്രിട്ടനും തമ്മില്‍ ഇതിനോടകം തന്നെ ശക്തമായ വ്യാപാര ബന്ധം പങ്കിടുന്നുണ്ട്. നിലവില്‍ ഇന്ത്യൻ വംശജരായ ഒരു ദശലക്ഷത്തിലധികം ആളുകൾ ബ്രിട്ടനിൽ താമസിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഇന്ന് ഗുജറാത്തില്‍ തന്നെ തങ്ങുന്ന ബോറിസ് ജോണ്‍സണ്‍ സംസ്ഥാനത്തെ നിരവധി ബിസിനസ് തലവന്‍മാരുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതിന് ശേഷമാവും അദ്ദേഹം മടങ്ങുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top