Kerala

തൃശൂർ മുക്കാട്ടുകരയിൽ മാതാവിന്റെ 40 പ്രത്യക്ഷപ്പെടലുകൾ “അമ്മയ്ക്കരികെ” ഒരു വേദിയിൽ അവതരിപ്പിച്ചത്,മരിയ ഭക്തർക്ക് ആത്മഹര്ഷമായി

തൃശൂർ :ജപമാല മാസത്തിന്റെ സമാപനാഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ അമ്മയുടെ വ്യത്യസ്തമാര്‍ന്ന 40 പ്രത്യക്ഷപ്പെടലുകള്‍ ആധുനിക ഡിജിറ്റല്‍ ശബ്ദ വെളിച്ച സംവിധാനങ്ങളോടെ ‘അമ്മയ്ക്കരികെ’ എന്ന പേരില്‍ നടത്തിയത് അനേകായിരങ്ങള്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കുകയായിരിന്നു. മുക്കാട്ടുകര ദേവാലയത്തിന്റെ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 30 ഞായറാഴ്ച വൈകീട്ട് 6.30ന് അവതരിപ്പിച്ച പരിപാടി തൃശൂര്‍ അതിരൂപതയുടെ മീഡിയ കത്തോലിക്ക യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു.

160 അടി നീളമുള്ള കൂറ്റന്‍ സ്റ്റേജില്‍ ആധുനിക ഡിജിറ്റല്‍ ശബ്ദവെളിച്ച സംവിധാനങ്ങള്‍ കൃത്യമായി സമന്വയിപ്പിച്ചായിരിന്നു മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ പുനരാവിഷ്‌ക്കരണം. നാല് വര്‍ഷംമുമ്പ് സോഷ്യല്‍ മീഡിയയില്‍ കണ്ട മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ പ്രദര്‍ശനമാണ് ഇടവക വികാരി ഫാ. പോള്‍ തേയ്ക്കാനത്തിന് പ്രചോദനമായത്.

വിദേശത്തു നടത്തിയ പ്രദര്‍ശനം തന്റെ ഇടവകയിലും നടത്തണമെന്ന ചിന്ത സഹവികാരിയായ ഫാ. അനു ചാലിലിനെ അറിയിച്ചപ്പോള്‍ അദ്ദേഹം മുന്നോട്ടുവെച്ച അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹാത്തോട് കൂടി പരിപാടി നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇടവകയിലുള്ള 40 കുടുംബ യൂണിറ്റുകളിലൂടെയാണ് 40 മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത്. ഫാത്തിമ മാതാവ്, ഗ്വാഡലൂപ്പ മാതാവ്, ലാസലൈറ്റ്, കര്‍മല മാതാവ്, അമലോത്ഭവ മാതാവ്, വേളാങ്കണ്ണി മാതാവ് തുടങ്ങീ വിവിധയിടങ്ങളില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ഒരു വേദിയില്‍ എത്തിക്കാന്‍ ഓരോന്നിനും രൂപ സാദൃശ്യത്തിനാവശ്യമായ കിരീടവും ഗൗണും യൂണിറ്റുകള്‍ തന്നെ കണ്ടെത്തി.

ഇതിന് സാമ്പത്തിക പിന്തുണ നല്‍കുവാനായി ഓരോ യൂണിറ്റിനും ഇടവക ചെറിയ തുക കൈമാറി. ഒരുക്കാന്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള ചെലവും ദേവാലയം തന്നെ വഹിച്ചു.

വികാരിയച്ചന്‍ മുന്നോട്ടുവെച്ച ആശയത്തോട് ഇടവക ജനം ഒന്നടങ്കം ചേര്‍ന്നു നിന്നപ്പോള്‍ പരിപാടി ഏറെ ശ്രദ്ധിക്കപ്പെടുകയായിരിന്നു. ഏറ്റവും വലിയ മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ പ്രദര്‍ശനമായി ബെസ്റ്റ് ഓഫ് റെക്കോര്‍ഡ്‌സില്‍ പരിപാടി ഇടം നേടിയിട്ടുണ്ട്. ഇതിന്റെ അംഗീകാരപത്രം അധികൃതര്‍ ദേവാലയത്തിന് കൈമാറി.
വൈദികരും സന്യസ്ഥരും വിശ്വാസികളും ഇതര മതസ്ഥര്‍ ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ പരിപാടി നേരിട്ടു കണ്ടുവെന്നാണ് അനുമാനിക്കപ്പെടുന്നത്. മീഡിയ കത്തോലിക്ക യൂട്യൂബ് ചാനലിലൂടെ ഇരുപതിനായിരത്തില്‍പരം പേര്‍ ഇതിനോടകം കണ്ടുവെന്നതും ശ്രദ്ധേയമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top