Kerala

അഞ്ച് പായസങ്ങൾ ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്കായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി പിണറായി വിജയൻ

തിരുവനന്തപുരം: പൗരപ്രമുഖർക്കായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി പിണറായി വിജയൻ. പ്രോട്ടോക്കോൾ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്. ചോറും വിഭവങ്ങളും നിയമസഭയിൽ തന്നെ പാചകം ചെയ്തു. 5 തരം പായസവും 2 തരം പഴങ്ങളും ഉൾപ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും സ്പീക്കർ എ.എൻ.ഷംസീറും ഹാളിനു മുന്നിൽ നിന്നു മുഖ്യാതിഥികളെ വരവേറ്റു.

അതേസമയം നിയമസഭാ ജീവനക്കാർക്കായി ഒരുക്കിയ സദ്യ അലങ്കോലപ്പെട്ടതിനു ശേഷവും കരാറുകാരനെ കണ്ടെത്താനാകാതെ അധികൃതർ. കാട്ടാക്കട സ്വദേശിയായ കരാറുകാരൻ ഫോൺ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണെന്നു നിയമസഭാ അധികൃതർ പറയുന്നു.

ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിയമസഭാ സെക്രട്ടറിയെ സ്പീക്കർ ചുമതലപ്പെടുത്തിയിട്ടുണ്ട്. 1300 പേർക്ക് സദ്യ ഒരുക്കണം എന്നാണ് കരാറുകാരനോടു പറഞ്ഞിരുന്നത്. പുറത്തു പാചകം ചെയ്തു നിയമസഭയിൽ എത്തിച്ച ഭക്ഷണ സാധനങ്ങൾ കഷ്ടിച്ച് 800 പേർക്കു നൽകാനേ തികഞ്ഞുള്ളൂ.

സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോൾ തീർന്നിരുന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കറും പഴ്സനൽ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഉൗണ് കിട്ടിയില്ല. ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. മുൻപ് ജീവനക്കാർ പിരിവെടുത്താണു നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഓണസദ്യ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.

1,300 പേർക്ക് ഓണസദ്യ നൽകാനായാണ് ക്വട്ടേഷൻ വിളിച്ചത്. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാൽ ക്വട്ടേഷൻ അവർക്കു നൽകി. 400 പേർക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയിൽ എല്ലാവർക്കും സദ്യ ലഭിച്ചു. എന്നാൽ, രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോൾ തീർന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവർക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടർന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചുനൽകി.

രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാൾ‌ വിട്ടു. രണ്ടാം പന്തിയിൽ കാത്തിരുന്ന ബാക്കിയുള്ളവർക്ക് എവിടെ നിന്നോ ചോറും ഏതാനും കറികളും എത്തിച്ചു നൽകി. അതോടെ ഓണസദ്യ അവസാനിച്ചു. പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേർ ഇന്ത്യൻ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്. സദ്യ പ്രതീക്ഷിച്ചു വന്ന പലരും പൊറോട്ടയും ചപ്പാത്തിയും കഴിച്ചു പിരിഞ്ഞു. ഓണസദ്യയുള്ളതിനാൽ കോഫി ഹൗസിലും കുറച്ച് ആഹാരമാണു കരുതിയിരുന്നത്. അതിനാൽ അവസാനം എത്തിയ ഏതാനും പേർക്ക് അവിടെയും ഭക്ഷണം കിട്ടിയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top