Kerala

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ രക്ഷാധികാരി അജിത ജെയ്ഷോര്‍ രാജിവെച്ചു

 

 

 

എറണാകുളം : കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ രക്ഷാധികാരിയായിരുന്ന അജിത ജെയ്ഷോര്‍ രാജിവെച്ചു. നേത്രുത്വത്തിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയില്‍ ജനാധിപത്യം നഷ്ടമായി, ചിലരുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. സംഘടനയുടെപേരില്‍ പല ഇടപാടുകളും നടക്കുന്നുണ്ട്. അസോസിയേഷന് ബാങ്ക് അക്കൌണ്ട് ഉണ്ടെങ്കിലും ജനറല്‍ സെക്രട്ടറിയും പ്രസിഡണ്ടും തങ്ങളുടെ സ്വകാര്യ ബാങ്ക് അക്കൌണ്ടിലൂടെയാണ് സംഘടനയുടെ പണമിടപാടുകള്‍ നടത്തുന്നതെന്നും അജിത ജെയ്ഷോര്‍ കുറ്റപ്പെടുത്തി. സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. എറണാകുളം ജില്ലാ സെക്രട്ടറി സുമേഷുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇപ്പോള്‍ സംഘടനയില്‍ ചര്‍ച്ചയായതും അജിത ജെയ്ഷോറിന്റെ രാജിയിലേക്ക് നയിച്ചതും.

പെരുമ്പാവൂർ നഗരസഭയിൽ പട്ടികജാതിക്കാർക്കുളള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന നടപടികളിൽ വൻതോതിൽ ക്രമക്കേടുകളും സ്വജനപക്ഷപാതവും കണ്ടെത്തിയതിനെത്തുടർന്ന് എസ്.സി പ്രമോട്ടർ ആയ  കെ.കെ.സുമേഷിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. സുമേഷ് മാതൃഭൂമി ചാനലിന്റെ പെരുമ്പാവൂരിലെ സ്റ്റിംഗറും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ്. ഈ പദവികള്‍ ദുരുപയോഗം ചെയ്താണ് ക്രമക്കേടുകൾ നടത്തിയതെന്ന് ആരോപണമുണ്ട്. കൂവപ്പടി ബ്‌ളോക്ക് എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ രാജീവ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ ആണ്  നടപടി സ്വീകരിച്ചത്.

സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ എറണാകുളം ജില്ലാ സെക്രട്ടറിയെ വെള്ളപൂശാനാണ് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് ജി.ശങ്കറും ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തിയും സുമേഷിനെ സംരക്ഷിക്കുവാന്‍ രംഗത്തിറങ്ങിയത് സംഘടനയില്‍ രൂക്ഷമായ തര്‍ക്കത്തിന് വഴിവെച്ചു. മിക്ക ജില്ലാ കമ്മിറ്റികളും പ്രതിഷേധത്തിലാണ്. സംഘടന പിരിവു പ്രസ്ഥാനമായി മാറിയെന്നും വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ കുറിപ്പുകള്‍ മാത്രമിടുന്ന പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അജിതയെ പിന്തുണക്കുന്നവര്‍ പറഞ്ഞു. ഇനിയും ഈ അഴിമതി കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും അടുത്തദിവസം തന്നെ കൂടിയാലോചിച്ച് ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും അജിത ജെയ് ഷോറിനെ പിന്തുണക്കുന്നവര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top