Kerala

ചേർപ്പുങ്കൽ പാലത്തിന്റെ പൊളിറ്റിക്സിനകത്തെ.,പൊളിട്രിക്സ്,പാലം പണി നീട്ടേണ്ടത് രാഷ്ട്രീയാവശ്യം

കോട്ടയം :പാലാ ചേർപ്പുങ്കൽ പാലം  പണി തുടങ്ങിയത് മുതൽ അതിന്റെ നിർമ്മാണത്തിനുള്ള തുക അനുവദിച്ചത് ഞങ്ങളാണെന്നുള്ള മൂന്നു വികസന നായകന്മാരുടെ അവകാശവാദം ജനം കണ്ടു.ജോസ് കെ മാണി ,മോൻസ് ജോസഫ് ,മാണി സി കാപ്പൻ എന്നിവർ ഉദ്യോഗസ്ഥന്മാരുമായി  ചേർന്ന് ഫോട്ടോ ഷൂട്ടും നടത്തി.ബംഗാളികളെ ചേർത്ത് നിർത്തി ഉദ്യോഗസ്ഥന്മാരും ഫോട്ടോ ഷൂട്ട് നടത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.തീർന്നു അവരുടെ ഉത്തരവാദിത്വം.ഇനിയുള്ള ഉത്തരവാദിത്വമെല്ലാം കോൺട്രാക്ടർക്കും ,ബംഗാളികൾക്കും വിട്ടു കൊടുത്തു വികസന നായകന്മാരും.ലക്ഷങ്ങൾ ശമ്പളം പറ്റി ആഫീസിലെ ശീതികരിച്ച മുറിയിൽ ഇരുന്നു വാട്ട്സാപ്പ് നോക്കുന്ന എൻജിനീയർമാരും മുങ്ങി.

 

മാധ്യമങ്ങളുടെ വിമർശനം അതിരൂക്ഷമായപ്പോൾ ഇന്നലെ ഒരു വികസന നായകൻ വന്നു രണ്ടു മാസം കൊണ്ട് പാലത്തിന്റെ ഗർഡറുകൾ നിർമ്മിച്ച് പാലം  ഗതാഗത യോഗ്യമാക്കും.അതായത് ആഗസ്റ്റ് ഏഴിനകം ഗതാഗതത്തിന് റോഡ് തുറന്നു കൊടുക്കും എന്നാണ് വികസന നായകൻ ഇന്നലെ മൊഴിഞ്ഞത്.തീർന്നില്ല ഇനി മാസം മാസം തോറും  റിവ്യൂ കമ്മിറ്റി ഉണ്ടായിരിക്കുമത്രേ.പോരെ പൂരം.നമുക്ക് കാത്തിരിക്കാം അറുപത് ദിവസം വരെ ഇന്നേക്ക് 59 ദിവസം വരെ.പക്ഷെ പാലം അപകടത്തിലാക്കിയതാരെന്ന് വികസന നായകൻ മിണ്ടിയില്ല.പാലത്തിലൂടെ നടന്നു പോയവരാണോ ആർക്കറിയാം ..?

പാലം പണി തീരേണ്ടത് ഭക്ത ജനങ്ങളുടെയും,അത്യാസന്ന നിലയിലുള്ള രോഗികളുടെയും ആവശ്യമാണെങ്കിലും.,പാലം  പണി നീട്ടേണ്ടത് മോന്സിന്റെ ഒരാവശ്യമാണ്. ജോസ് കെ മാണിയെ ഇവിടേയ്ക്ക് അടുപ്പിക്കാതിരിക്കുക എന്നത് മോൻസിന്റെയും  ആവശ്യമായി മാറിയിരിക്കുന്നു.അതിനുള്ള കാരണം അദ്ദേഹത്തിന് അറിയാം.ഈയിടെയായി കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മരണ വീടുകളിൽ രാത്രി വൈകിയും ജോസ് കെ മാണി എത്തി റീത്ത് സമർപ്പിക്കാൻ തുടങ്ങിയതും.,കടുത്തുരുത്തിയിൽ വികസന കാര്യങ്ങൾക്ക് ഇത്ര കോടി  സർക്കാർ അനുവദിച്ചെന്നുമൊക്കെ കാലേ കൂട്ടി ജോസ് കെ മാണി പ്രഖ്യാപിച്ചപ്പോൾ അതിന്റെ വരികൾക്കിടയിലുള്ള അർഥം വ്യാഖ്യാനിച്ചെടുക്കാൻ മോന്സിനു പാഴൂർ പടിപ്പുരയ്ക്കൽ വരെ പോകേണ്ടതില്ല.ഭൂകമ്പം ഉണ്ടാവുന്നതിനു മുന്നോടിയായി പക്ഷികളും..പൂച്ചകളും അസ്വാഭാവികമായ ചില ചേഷ്ടകൾ കാണിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.അത് കാലേകൂട്ടി അറിയുവാൻ മോനിച്ചന്‌ നന്നായി അറിയുകയും ചെയ്യാം.

കഴിഞ്ഞ തവണ കടുത്തുരുത്തിയിൽ ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചു കയറി എങ്കിലും കനത്ത തോതിൽ മോൻസിന്  വെള്ളം കുടിക്കേണ്ടി വന്നു.കുതിരവേലിയും,പുത്തൻകാലായും,ജില്ലാ പഞ്ചായത്ത് വാഴും മാത്യുവും ഒക്കെ ആവോളം സഹായിച്ചത് കൊണ്ടാണ് പേരിനു ശേഷം എം എൽ എ എന്ന അക്ഷരം ചേർക്കാൻ പറ്റിയത് തന്നെ.പക്ഷെ ജോസ് കെ മാണി കടുത്തുരുത്തിയിൽ മത്സരിച്ചാൽ കഴുതവേലിയും ,പഴയകാലായും, ഒന്നും പഴയ പോലെ സഹായിക്കില്ല മത്സരം ഇഞ്ചോടിഞ്ച് കനത്തതാകും.ജയിച്ചെങ്കിൽ  ജയിച്ചു എന്നെ പറയാൻ പറ്റൂ.ഒന്ന് മന്ത്രി ആയവർക്കേ അതിന്റെയൊരു സുഖവും  അറിയാൻ പറ്റൂ.അത് നഷ്ടപ്പെടുക എന്ന് വച്ചാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ..?മറ്റൊരു മണ്ഡലത്തിൽ മത്സരിക്കണമെന്ന് വച്ചാൽ തന്നെ ജോസഫ് ഗ്രൂപ്പുകാരനായ മോൻസ്  എവിടെ പോയി മത്സരിക്കാൻ. ജോസെഫിന്റെ സീറ്റായ തൃക്കരിപ്പൂരിൽ വരെ മാണിയുടെ മരുമകൻ ഇടിച്ചു നിൽക്കുന്നു പിന്നെ എവിടെ പോകാൻ.അവിടെയാണ് ചേർപ്പുങ്കൽ പാലത്തിന്റെ പ്രസക്തി കുടികൊള്ളുന്നത്.

 

പത്തനംതിട്ട ജില്ലയിലെ റാന്നി  പാലം ഇടിഞ്ഞു വീണപ്പോൾ അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് റാന്നി എം എൽ എ രാജു എബ്രഹാം അതിന്റെ ചുവട്ടിൽ തന്നെ ഉണ്ടായിരുന്നു.പട്ടാളം ബെയ്‌ലി പാലവും നിർമ്മിച്ചപ്പോഴും ഒക്കെ പട്ടാളത്തോടൊപ്പം മുട്ടി ഉരുമി രാജു അബ്രാഹവും ഉണ്ടായിരുന്നു.ഇത് ജനം കണ്ടുകൊണ്ടാണിരുന്നത്.അടുത്ത മൂന്ന് പ്രവിശ്യ റാന്നിയിൽ നിന്നും രാജു അബ്രഹാം പാട്ടുംപാടി വിജയിച്ചു.അതുപോലെ തന്നെയാണ് മോന്സിനും ഈ പാലം.പാലം പണി എത്രയും നീട്ടി കൊണ്ട് പോയി 2025 അവസാനത്തോടെ തീർത്താൽ  2026 മേയിൽ നടക്കുന്ന പൊതു തെരെഞ്ഞെടുപ്പിൽ കടന്നു കൂടാം എന്നാണ് മനസിലിരുപ്പ് എങ്കിലും അത് നടക്കുമോ എന്നുള്ള കാര്യം കണ്ടറിയണം.കാരണം മാധ്യമങ്ങൾ തന്നെ സ്ഥാനത്തും അസ്ഥാനത്തും വിമർശനം ഉന്നയിക്കുന്നു.അത് ശരിയാണോ..?

ഇന്നലെ എം എൽ എ യുടെ സാന്നിധ്യത്തിൽ  കൂടിയ യു  ഡി എഫ് യോഗത്തിൽ പല മാധ്യമങ്ങളുടെയും പേരെടുത്ത് പറഞ്ഞു വിമർശിക്കുകയുണ്ടായി.മാധ്യമങ്ങളൊക്കെ പഴയ പോലെ സഹായിക്കുന്നില്ല എന്ന നിലപാടായിരുന്നു പലർക്കും.ഇതിനിടയിൽ സ്വന്തം പാർട്ടിയിലും പാലത്തിന്റെ പേരിൽ അപസ്വരം ഉയർന്നിട്ടുണ്ട്.എം എൽ എ സ്ഥാന മോഹികൾ ഒക്കെ വിമതരിലും ഉണ്ടെന്നാണ് പറയുന്നത്.അഥവാ പാലം പണി നേരത്തെ തീർന്നാൽ തന്നെ പഴയ പാലം ജീർണ്ണാവസ്ഥയിൽ ആണല്ലോ അതിനായി പണം അനുവദിപ്പിക്കാം.ഫ്ലെക്സ് വയ്ക്കാം,നിർമ്മാണ ഉദ്‌ഘാടനങ്ങൾ വയ്ക്കാം.പുനർ നിർമ്മിച്ച പാലത്തിന്റെ ഉദ്‌ഘാടനം വയ്ക്കാം .അങ്ങനെ അനന്ത സാധ്യതകളാണ് ചേർപ്പുങ്കൽ പാലത്തിലൂടെ കരഗതമാവുന്നത്.ചേർപ്പുങ്കൽ പാലം അക്ഷയ ഖനിയായി നിലകൊള്ളുന്നു . അത് കൊണ്ട് തന്നെ പാലം പണി നീണ്ടു പോവുകയും ,നേതാക്കളുടെ സന്ദർശനവും,പ്രസ്താവനകളും നീണ്ടു പോവുകയും ചെയ്യാനാണ് സാധ്യത കാണുന്നത്.പിന്നെ ആദ്യ വെള്ളിയാഴ്ചകളിലെ പതിവ് ഗിമ്മിക്കുകൾ പ്രയോഗിക്കാം.ആയിരങ്ങൾ ക്യൂവിൽ നിൽക്കുമ്പോൾ അവരുടെ ഇടയിലൂടെ കുശലം പറഞ്ഞു നടക്കുക.അതിലൂടെ താൻ ഉണ്ണി മിശിഖായുടെ കടുത്ത അനുയായി ആണെന്ന് മാലോകരെ ബോധ്യപ്പെടുത്തുക തുടങ്ങിയ നമ്പറുകൾ ഇറക്കുക അത്ര തന്നെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top