ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഗുരുതര പരിക്കുകളേൽക്കുന്നവർക്ക് അവയവ മാറ്റത്തിനും മുറിച്ചുമാറ്റുന്നതും അനസ്തേഷ്യ നൽകാതെയാണെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ഗാസയിലെ ജനങ്ങൾ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. ഗാസയിലുടനീളം അനസ്തേഷ്യയില്ലാതെ ഓപ്പറേഷൻ നടത്തേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റേയും കഷ്ടപ്പാടുകളുടേയും ആഴമളക്കുക എന്നത് പ്രയാസകരമാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ക്രിസ്ത്യൻ ലിൻഡമീയർ പറഞ്ഞു.

ഡ്യൂട്ടിയിലായിരിക്കുമ്പോൾ ചുരുങ്ങിയത് 16 ആരോഗ്യപ്രവർത്തകരെങ്കിലും ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്. അൽ-ശാതി അഭയാർത്ഥി ക്യാമ്പിൽ ചൊവ്വാഴ്ചയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ കൊല്ലപ്പെട്ടിരുന്നു.
ഗാസ സിറ്റിയില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്യുന്നതിനിടെ റെഡ്‌ക്രോസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. രണ്ട് ട്രക്കുകളാണ് അക്രമിക്കപ്പെട്ടത്. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ഗാസയില്‍ വെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായവയുടെ വിതരണം തടസ്സപ്പെടുന്നു. ചുരുങ്ങിയത് 500 ട്രക്കുകളില്ലെങ്കിലും ദിവസവും ഗാസയ്ക്ക് സഹായം ആവശ്യമുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

