കോട്ടയം : കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.


രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഏറെ സഹായകമാകുന്നതിനാലാണ് അവധി ദിവസങ്ങളായ ശനിയും ഞായറും ജില്ലയിലെ എല്ലാ പ്രാഥമിക സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിനേഷന് സൗകര്യമൊരുക്കിയത്.സ്‌കൂളുകളിലെ 15-വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തെന്ന് ഉറപ്പാക്കാനും രജിസ്‌ട്രേഷന് സൗകര്യമൊരുക്കാനും നടപടി സ്വീകരിക്കുന്നതിന് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളിലെയടക്കം പ്രിൻസിപ്പൽമാർക്കും സ്‌കൂൾ മേധാവികൾക്കും നിർദേശം നൽകി.
15 വയസ്സിന് മുകളിലുള്ള വാക്‌സിൻ സ്വീകരിക്കാത്ത വിദ്യാർഥികളുടെ വിവരം ഹാജർ ബുക്കിൽ രേഖപ്പെടുത്തി (ശരി മാർക്കിട്ട്) സംക്ഷിപ്ത റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽമാർക്കും സ്‌കൂൾ മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

