Kerala

ജീവിതച്ചെലവ് ഉയർന്നതോടെ മോഷണങ്ങൾ പെരുകുന്നു; യു.എസിൽ സാധനങ്ങൾ താഴിട്ട് പൂട്ടി ചില്ലറവ്യാപാരികൾ

ന്യൂയോർക്ക്: ജീവിതച്ചെലവ് ഉയർന്നതോടെ യു.എസിൽ കടകൾ കേന്ദ്രീകരിച്ച് ചെറുതും വലുതുമായ മോഷണങ്ങൾ പെരുകുന്നു. ചില്ലറവ്യാപാരികൾ മോഷണം പേടിച്ച് പേസ്റ്റ്, ചോക്കലേറ്റ്, അലക്കുപൊടി, സുഗന്ധദ്രവ്യങ്ങൾ എന്നിവ പൂട്ടിസൂക്ഷിക്കുകയാണ് ഇപ്പോൾ. കടകൾക്കുള്ളിൽ സാധനങ്ങൾ വെച്ചിരിക്കുന്ന ചില്ലുഷെൽഫുകളും ഫ്രിഡ്ജുമൊക്കെ താഴിട്ടുപൂട്ടും. ആവശ്യക്കാർക്ക് മാത്രമെ തുറന്നുകൊടുക്കൂ.

ചില്ലറവിൽപ്പനരംഗത്തെ കുത്തകളായ വോൾമാർട്ട്, ടാർഗിറ്റ്, മരുന്നുവിതരണശൃംഖലയായ സി.വി.എസ്., വാൾഗ്രീൻസ്, ഗൃഹനിർമാണസാമഗ്രികൾ വിൽക്കുന്ന സ്ഥാപനമായ ഹോംഡിപ്പോ, ചെരിപ്പുകടയായ ഫൂട്ട്‌ലോക്കർ എന്നിവ മോഷണങ്ങൾ വർധിക്കുന്നതിൽ ആശങ്കയുയർത്തിയിട്ടുണ്ട്. ജീവനക്കാർതന്നെ മോഷ്ടിക്കുന്ന സംഭവങ്ങളുമുണ്ട്.

ഈ വർഷത്തെ ആദ്യ അഞ്ചുമാസം കടകളിൽ അക്രമങ്ങളും അക്രമഭീഷണികളും 120 ശതമാനം കൂടിയെന്ന് ടാർഗിറ്റിന്റെ ചീഫ് എക്സിക്യുട്ടീവ് ബ്രയാൻ കോണെൽ പറഞ്ഞു.

മോഷണം വർധിച്ചതിനാൽ 2021-ൽ സാൻഫ്രാൻസിസ്കോയിലെ അഞ്ചുകടകൾ വാൾഗ്രീൻസ് പൂട്ടി. ഷിക്കാഗോയിലെ നാലുകടകൾ വോൾമാർട്ട് ഇക്കൊല്ലം അടച്ചു.

നോ‍ഡ്സ്ട്രോമിന്റെ ലോസ് ആഞ്ജലീസിലെ കടയിൽ ഓഗസ്റ്റ് 12-ന് അതിക്രമിച്ചുകയറിയ 30 മുഖംമൂടിധാരികൾ മൂന്നുലക്ഷം ഡോളറിലേറെ വിലവരുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. സുരക്ഷാജീവനക്കാരനുനേരെ മുളകുസ്പ്രേ അടിച്ചശേഷമായിരുന്നു മോഷണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top