Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിൽ വ്യാജ എംബിബിഎസ് ക്ലാസ്; തട്ടിപ്പ് തിരിച്ചറിഞ്ഞത് വിദ്യാർത്ഥിനി മെഡിക്കൽ കോളജിൽ നേരിട്ടെത്തിയതോടെ

മൂന്നാർ: തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിലും വ്യാജ എംബിബിഎസ് ക്ലാസ്. മൂന്നാർ സ്വദേശിനിയായ പെൺകുട്ടിയാണ് തട്ടിപ്പിനിരയായത്. ആറുമാസമാണ് പെൺകുട്ടി തട്ടിപ്പുകാരുടെ ഓൺലൈൻ ക്ലാസിൽ പഠിച്ചത്. 10,000 രൂപയും സംഘം തട്ടിയെടുത്തു. വ്യാജ ഇമെയിൽ സന്ദേശമയച്ചും ഓൺലൈനിൽ ക്ലാസ് നടത്തിയുമാണ് തട്ടിപ്പുകാർ തന്നെ വഞ്ചിച്ചതെന്നാണ് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നത്.

മൂന്നാറിലെ സ്വകാര്യ സ്കൂളിൽ നിന്ന് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പെൺകുട്ടിയാണ് തട്ടിപ്പിനിരയായത്. 2022ലെ നീറ്റ് പരീക്ഷയിലും ഉയർന്ന മാർക്കും പെൺകുട്ടി നേടിയിരുന്നു. സംവരണവിഭാഗത്തിൽപെട്ട കുട്ടി വിവിധ മെഡിക്കൽ കോളജുകളിൽ അപേക്ഷ നൽകി. പ്രവേശന നടപടികൾ പൂർത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിൽ പെൺകുട്ടിക്ക് ഇമെയിൽ സന്ദേശം ലഭിച്ചു. 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 10,000 രൂപ ഗൂഗിൾ പേ വഴി അടച്ചു.

2022 നവംബറിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. 2 സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസുകളെടുത്തിരുന്നത്. കോളജിൽ വരാൻ നിർദേശിച്ച് മൂന്നു പ്രാവശ്യം ഇമെയിൽ വന്നെങ്കിലും പിന്നീടു വരേണ്ട എന്ന സന്ദേശം ലഭിച്ചതിനാൽ യാത്ര മാറ്റിവച്ചു. എന്നാൽ, ജൂൺ 24നു മെഡിക്കൽ കോളജിൽ നേരിട്ടു ഹാജരാകാനാവശ്യപ്പെട്ടു വീണ്ടും സന്ദേശം ലഭിച്ചു. തലേദിവസം പോകാൻ ഒരുങ്ങുന്നതിനിടയിൽ വരേണ്ട എന്ന സന്ദേശം മറ്റൊരു മെയിൽ ഐഡിയിൽ നിന്നു ലഭിച്ചതോടെ കുട്ടിക്കും മാതാപിതാക്കൾക്കും സംശയമായി.

ഇവർ അന്നു തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചു. 24നു കോളജിലെത്തി പ്രിൻസിപ്പലിനെ കണ്ടപ്പോഴാണു തട്ടിപ്പു തിരിച്ചറിയുന്നത്. മെഡിക്കൽ കോളജിലെ അതേ ക്ലാസുകളാണ് ഓൺലൈനായി പെൺകുട്ടി ആറുമാസം പഠിച്ചതെന്നു പ്രിൻസിപ്പൽ അറിയിച്ചതായി പരാതിയിൽ പറയുന്നു. ഇമെയിൽ വിലാസം, പണം ഓൺലൈനായി കൈമാറിയ മൊബൈൽ നമ്പർ എന്നിവ സഹിതം പെൺകുട്ടിയുടെ മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top