തെങ്കാശിയിലെ കർഷകർ വിളവെടുത്ത പച്ചക്കറികൾ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ (FPO) നിന്ന് ബുധനാഴ്ച രാവിലെ ഹോർട്ടികോർപ്പ് ഏറ്റെടുക്കും. ഇപ്രകാരം നേരിട്ട് ഏറ്റെടുക്കുന്ന പച്ചക്കറികൾ ഹോർട്ടികോർപ്പ് കേരളത്തിലെത്തിച്ച് സർക്കാർ നിശ്ചയിച്ച വിലയ്ക്ക് വിൽപ്പന നടത്തും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരിൽ നിന്നും ഗുണനിലവാരമുള്ള പച്ചക്കറികൾ വില്പനകേന്ദ്രങ്ങളിൽ എത്തിക്കാൻ ഇതിലൂടെ സർക്കാരിന് കഴിയും.

ഈ മാസം 20 ന് കേരള സർക്കാരിന് വേണ്ടി ഹോർട്ടികോർപ്പ് തെങ്കാശിയിലെ കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി ധാരണാ പത്രം ഒപ്പു വച്ചിരുന്നു. തമിഴ്നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ ഹോർട്ടി കോർപ്പ് സംഭരിക്കുക. പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്നുമാണ് ഗ്രേഡ് ചെയ്ത പച്ചക്കറികൾ ഹോർട്ടിക്കോർപ്പ് സംഭരിക്കുന്നത്.
സംസ്ഥാനത്തെ പച്ചക്കറി വിലക്കയറ്റം തടയാന്‍ നേരത്തെ കൃഷി വകുപ്പ് ഇടപെടൽ നടത്തിയിരുന്നു. മറ്റു പച്ചക്കറികളുടെ വില ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും തക്കാളിയുടെ വില കൃഷിവകുപ്പിന് തലവേദനയായി തുടരുകയാണ്. പൊതു വിപണിയിൽ 70 രൂപക്ക് മുകളിലാണ് തക്കാളി വില.
ഈ പശ്ചാത്തലത്തിലാണ് ആന്ധ്രയിലെ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച 10 ടണ്‍ തക്കാളി കൂടി കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിച്ചിരുന്നത്. ആനയറ മാര്‍ക്കറ്റില്‍ നിന്നും എറണാകുളം വരെയുള്ള ജില്ലകളിലേക്ക് തക്കാളി വിതരണം ചെയ്തു.
ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകൾ വഴി 48 രൂപക്കാണ് ഒരു കിലോ തക്കാളി വിൽക്കുന്നത്. ജനുവരി ഒന്ന് വരെ പ്രവര്‍ത്തിക്കുന്ന പുതുവത്സര ചന്തകളിലേക്കും തക്കാളി എത്തിക്കുന്നുണ്ട്.

