Kerala

വിസ്മയ കേസ്:പ്രതി ഭർത്താവായ കിരണിന് പത്ത് വർഷം തടവ് ശിക്ഷ

കൊല്ലം :കേരളം ശ്രദ്ധിച്ച., ഭാരതം ശ്രദ്ധിച്ച വിസ്മയാ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി.10 വര്ഷം തടവാണ് കോടതി വിധിച്ചത്.സ്ത്രീധനത്തെ ചൊല്ലിയുണ്ടായ മര്‍ദ്ദനത്തിനൊടുവില്‍ വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം തടവ്. 40 മിനുട്ടോളം നീണ്ട നടപടിക്രമങ്ങള്‍ ക്കൊടുവിലായിരുന്നു കോടതിവിധി. വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവ് പ്രഖ്യാപിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതോടെ 10 വര്‍ഷമായി അനുഭവിച്ചാല്‍ മതിയാകും. ജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നതെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.അതേസമയം വിസ്മയയുടെ പിതാവ് ഞങ്ങൾക്ക് നീതി കിട്ടിയെന്നു അഭിപ്രായപ്പെട്ടു.സർക്കാരിനും,അന്വേഷണ ഉദ്യോഗസ്ഥർക്കും പിതാവ് നന്ദി രേഖപ്പെടുത്തി.

 

ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി  ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന്  ഇന്നലെ വിധിച്ചിരുന്നു.തുടർന്നാണ് കോടതി ഇന്ന് ഈ വിധി പ്രഖ്യാപിച്ചത്.സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നു എന്നാണ് കോടതി വിലയിരുത്തല്‍. കിരണ്‍ കുമാറിനെതിരെ പൊലീസ് ചുമത്തിയത് ഏഴ് കുറ്റങ്ങളാണ്. ഇതില്‍ അഞ്ചും നിലനില്‍ക്കുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഐ പി സി 304 (ബി), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐ പി സി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്.

കിരണ്‍ കുമാറിനെതിരെ ചുമത്തിയ ഐ പി സി 506, 323 വകുപ്പുകള്‍ മാത്രമാണ് തള്ളിക്കളഞ്ഞത്. നേരത്തെ സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നലെ കുറ്റക്കാരനെന്ന് വിധിച്ചതോടെ കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. 2021 ജൂണ്‍ 21 നാണ് ഭര്‍തൃവീട്ടില്‍ വിസ്മയ ആത്മഹത്യ ചെയ്തത്. ആഡംബര കാറും 100 പവനോളം സ്വര്‍ണ്ണവും വസ്തുവും സ്ത്രീധനമായി നല്‍കിയിട്ടും ഇഷ്ടപ്പെട്ട വാഹനം കിട്ടിയില്ല എന്ന് പറഞ്ഞാണ് വിസ്മയയെ കിരണ്‍ കുമാര്‍ ഉപദ്രവിച്ചത്. ഇത് സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. 42 സാക്ഷികളെ വിസ്തരിച്ച കേസില്‍ 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത് കേസില്‍ ഇന്നലെ വിധി പറഞ്ഞത്. കിരണ്‍ കുമാറിന്റെ വീട്ടുകാര്‍ ഉള്‍പ്പടെയുള്ള സാക്ഷികള്‍ ഇതിനിടെ കേസില്‍ കൂറുമാറിയിരുന്നു. ഇന്നലെ കേസിലെ വിധി കേള്‍ക്കാന്‍ കോടതിയില്‍ കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും എത്തിയിരുന്നു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമര്‍ഥിക്കാനാണ് പ്രതിഭാഗം കോടതിയില്‍ ശ്രമിച്ചത്.

വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി വന്നത്. കേസില്‍ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍. കേസിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കിരണിനെ സസ്‌പെന്റ് ചെയ്തിരുന്നു. ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു വിസ്മയ. 2020 മേയ് മാസത്തിലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top