Kerala

കൃഷിയിടത്തില്‍ മറഞ്ഞിരിക്കുന്ന നിധി പുറത്തെടുക്കാന്‍ സഹായിക്കാം എന്നു പറഞ്ഞ്  ദമ്പതികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടി സിദ്ധൻ

ഹാസന്‍ : കൃഷിയിടത്തില്‍ മറഞ്ഞിരിക്കുന്ന നിധി പുറത്തെടുക്കാന്‍ സഹായിക്കാം എന്നു പറഞ്ഞ്  ദമ്പതികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത വ്യാജ സിദ്ധനായി അന്വേഷണം ഊര്‍ജ്ജിതമാക്കി കര്‍ണാടക പോലീസ്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം നടന്നത്. അരകലഗുഡു ദൊഡ്‌മാഗെ സ്വദേശികളായ മഞ്ചഗൗഡയുടെയും ലീലാവതിയുടെയും പരാതിയില്‍ വ്യാജ സിദ്ധന്‍ ദൊഡഹള്ളി സ്വദേശി സ്വാമിജി മഞ്ജുനാഥിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

കൃഷിയിടത്തില്‍ നിധി ഉണ്ടെന്നും തന്റെ ദൈവികശക്തി ഉപയോഗിച്ച്‌ നിധി പുറത്തെടുക്കാന്‍ സഹായിക്കാമെന്നുമായിരുന്നു വ്യാജ സിദ്ധന്‍ ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചത്. നിധി കണ്ടെത്താന്‍ ചില പൂജകള്‍ നടത്തണമെന്നും അതിനായി ഇരുവരും തോട്ടത്തിലേക്ക് വരണമെന്നും സിദ്ധന്‍ ദമ്പതികളെ അറിയിക്കുകയായിരുന്നു. പൂജകള്‍ക്ക് ശേഷം സിദ്ധന്‍ പറമ്പില്‍ മുന്‍കൂട്ടി കുഴിച്ചിട്ട സ്വര്‍ണം പൂശിയ 3 കിലോ ഭാരമുള്ള വെള്ളി വിഗ്രഹം പുറത്തെടുത്തു.

തുടര്‍ന്ന് വിഗ്രഹത്തില്‍ രക്തം അഭിഷേകം ചെയ്യണമെന്ന് പറഞ്ഞ് ലീലാവതിയുടെ വിരല്‍ മുറിച്ചു. വിരല്‍ മുറിച്ചതിനെ തുടര്‍ന്ന് ലീലാവതിയുടെ ഞരമ്പിനും ക്ഷതമേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. സംഭവത്തിന് ശേഷം പണം കൈപ്പറ്റി സിദ്ധന്‍ മുങ്ങി. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയും ചെയ്‌തു. പന്തികേട് തോന്നിയ ദമ്പതികള്‍ വിഗ്രഹം വിശദമായി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്നത് വ്യക്തമായത്. തുടര്‍ന്ന് അരകലഗുഡു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top